സൗദിയിലെ ഗുഹകളിൽ ഏഴ് ചീറ്റപ്പുലികളുടെ മമ്മികൾ കണ്ടെത്തി
വടക്കൻ സൗദിയിലെ 134 ഗുഹകളിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ

റിയാദ്: സൗദി അറേബ്യയുടെ വടക്കൻ ഭാഗങ്ങളിലെ ഗുഹകളിൽ ഏഴ് ചീറ്റപ്പുലികളുടെ പൂർണ രൂപത്തിലുള്ള മമ്മികൾ കണ്ടെത്തി. നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെന്റാണ് ശാസ്ത്ര മാസികയായ 'നേച്ചറിൽ' ഇതിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. വടക്കൻ സൗദിയിലെ 134 ഗുഹകളിൽ നടത്തിയ സർവേയിലാണ് 7 ചീറ്റപ്പുലികളുടെ പൂർണ രൂപത്തിലുള്ള മമ്മികൾ, 54 അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
റേഡിയോ കാർബൺ ഡേറ്റിംഗ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇവയ്ക്ക് 4,800 വർഷം വരെ പഴക്കമുണ്ടെന്നും ഏറ്റവും ഒടുവിലത്തെ അവശിഷ്ടത്തിന് ഏകദേശം 127 വർഷം പഴക്കമാണുള്ളതെന്നും കണ്ടെത്തി. ഇത് അറേബ്യൻ ഉപദ്വീപിൽ അടുത്ത കാലം വരെ ചീറ്റപ്പുലികൾ സജീവമായിരുന്നു എന്നതിന്റെ തെളിവാണ്. കണ്ടെത്തിയ ചീറ്റപ്പുലികൾക്ക് ഏഷ്യൻ, വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ ചീറ്റപ്പുലികളുമായി ജനിതക ബന്ധമുണ്ടെന്ന് ശാസ്ത്രീയ വിശകലനത്തിൽ തെളിഞ്ഞു. ഗുഹകൾക്കുള്ളിലെ പ്രത്യേക പാരിസ്ഥിതിക സാഹചര്യങ്ങളാണ് ഇവയുടെ മൃതദേഹങ്ങൾ കേടുകൂടാതെ നൂറ്റാണ്ടുകളോളം സംരക്ഷിക്കപ്പെടാൻ കാരണമായത്.
Adjust Story Font
16

