സൗദി ഹൈവേകളുടെ പുതിയ നമ്പർ സംവിധാനം; വ്യക്തത വരുത്തി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി
ഗതാഗതം സുഗമമാക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം

റിയാദ്: സൗദിയിലെ ഹൈവേകളുടെ നമ്പർ സംവിധാനത്തിൽ വ്യക്തത വരുത്തി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. റോഡുകളുടെ ദിശ, ആരംഭ, അവസാന പോയിന്റുകൾ എന്നിവ സൂചിപ്പിക്കുന്ന ചിഹ്നങ്ങളും നമ്പറുകളും സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് മെച്ചപ്പെടുത്തുക, യാത്രാ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.
രാജ്യത്തിന്റെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള ട്രാൻസ്വേസ് റോഡുകളുടെ നമ്പറുകൾ 10 മുതൽ 80 വരെ പത്തിന്റെ ഗുണിതങ്ങളായി വേർതിരിച്ചിരിക്കുന്നു. നമ്പർ 10,40,80 എന്നിവയാണ് പ്രധാനപ്പെട്ട റോഡുകൾ. ദർബ് ഗവർണറേറ്റ് മുതൽ യു.എ.ഇയുമായുള്ള ബത്ഹ അതിർത്തി ക്രോസിംഗ് വരെയുള്ളതാണ് റോഡ് നമ്പർ 10. ജിദ്ദ മുതൽ ദമ്മാം വരെയാണ് റോഡ് നമ്പർ 40. ദുബ ഗവർണറേറ്റ് മുതൽ ന്യൂ അറാർ വരെയാണ് റോഡ് നമ്പർ 80. രാജ്യത്തിന്റെ വടക്ക് നിന്ന് തെക്കോട്ടേക്ക് വ്യാപിച്ചു കിടക്കുന്ന റോഡുകളുടെ നമ്പറുകൾ അഞ്ചിൽ നിന്ന് ആരംഭിച്ച് 95 വരെ അഞ്ചിന്റെ ഗുണിതങ്ങളായി വേർതിരിച്ചിരിക്കുന്നു. നമ്പർ 5,15,95 എന്നിവയാണ് പ്രധാനപ്പെട്ട റോഡുകൾ. ജിസാൻ മുതൽ ഹഖ്ൽ വരെ റോഡ് നമ്പർ അഞ്ച്, ഷറൂറ ഗവർണറേറ്റ് മുതൽ തബൂക്ക് വരെ റോഡ് നമ്പർ 15, അൽഖോബാർ മുതൽ ഖഫ്ജി വരെ റോഡ് നമ്പർ 95.
ഗതാഗത മേഖലയുടെ കാര്യക്ഷമതയും വർധിപ്പിക്കാനും റോഡ് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുമാണ് അതോറിറ്റി നമ്പർ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. 2030-ഓടെ റോഡ് ഗുണമേന്മ സൂചികയിൽ ആഗോളതലത്തിൽ സൗദിയെ ആറാം സ്ഥാനത്തേക്ക് ഉയർത്താനും സംവിധാനം കരുത്തേകും.
Adjust Story Font
16

