ഭക്ഷ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സൗദിയിൽ ജ്യൂസ് കടകളുടെ പ്രവർത്തനത്തിന് പുതിയ നിയന്ത്രണങ്ങൾ
ജ്യൂസ് കടകളിലെ ശുചിത്വം, സുരക്ഷ, ഉൽപാദന രീതി എന്നിവയുടെ നിലവാരം ഉയർത്താനാണ് പുതിയ നീക്കം

റിയാദ്: രാജ്യത്തെ ജ്യൂസ് കടകളിലെയും കിയോസ്‌കുകളിലെയും ഭക്ഷ്യസുരക്ഷയും സേവന നിലവാരവും ഉയർത്തുന്നതിനായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി മുനിസിപ്പാലിറ്റി മന്ത്രാലയം. ജ്യൂസ് കടകളിലെ ശുചിത്വം, സുരക്ഷ, ഉൽപാദന രീതി എന്നിവയുടെ നിലവാരം ഉയർത്തുന്നായി വ്യക്തമായ നിർദേശങ്ങളാണ് ഇതിലൂടെ നൽകിയിരിക്കുന്നത്. അംഗീകൃത വാണിജ്യ മേഖലകളിലോ തെരുവുകളിലോ നിലവിലുള്ള സെന്ററുകളിലോ മാത്രമേ ഇനി ജ്യൂസ് കടകൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. പ്രവേശന കവാടങ്ങളിൽ നിന്നോ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നിന്നോ 6 മീറ്റർ അകലം പാലിക്കണമെന്നും നിയമത്തിൽ നിഷ്‌കർഷിക്കുന്നു. കൂടാതെ, ജ്യൂസ് കടകൾക്കുള്ളിൽ തയാറാക്കൽ, വിതരണം, സംഭരണം എന്നിവയ്ക്കായി പ്രത്യേക ഇടങ്ങൾ നിർബന്ധമാണ്. പാനീയങ്ങൾ തയാറാക്കുമ്പോൾ ശുചിത്വം ഉറപ്പുവരുത്താൻ ഇത് സഹായിക്കും.
പുതിയ നിയമങ്ങൾ അനുസരിച്ച്, വിൽക്കുന്ന ഉൽപന്നങ്ങളുടെയും ചേരുവകളുടെയും അലർജിയുണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങളുടെയും വ്യക്തമായ പട്ടിക പ്രദർശിപ്പിക്കണം. പാനീയം തയാറാക്കിയ തീയതിയും ചേരുവകളും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇല്ലാതെ വിതരണം നിരോധിച്ചിട്ടുണ്ട്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും അനുവദനീയമല്ല. കൂടാതെ, റഫ്രിജറേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സൗദി ബിസിനസ് സെന്ററിന്റെ ഏകീകൃത ക്യുആർ കോഡ്, വിലവിവരപ്പട്ടിക, ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും മന്ത്രാലയം നിർേദശിച്ചു.
കൂടാതെ പ്രവർത്തന മേഖലയിൽ നിന്ന് അകറ്റി മാലിന്യം ശേഖരിക്കുന്നതിന് പ്രത്യേക സൗകര്യം അനുവദിക്കുകയും വേണം. പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സൗദി നഗരങ്ങളിലെ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.
Adjust Story Font
16

