Quantcast

ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ് കോൺഗ്രസ്സ് നടത്തുന്നത് : അഡ്വ. എം ലിജു

MediaOne Logo

Web Desk

  • Published:

    24 Jan 2024 3:43 PM GMT

ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ് കോൺഗ്രസ്സ് നടത്തുന്നത് : അഡ്വ. എം ലിജു
X

ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജണൽ കമ്മിറ്റി സംഘടിപ്പിച്ച 'മീറ്റ് ദ ലീഡർ' പരിപാടിയിൽ പങ്കെടുത്ത് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു. പരിപാടിയിലുടനീളം അദ്ദേഹം പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.

പ്രവാസികൾ കേരളത്തിന്റെയും കോൺഗ്രസ്സ് പാർട്ടിയുടെയും നട്ടെല്ലാണ്. ഒ ഐ സി സി പ്രവർത്തകരുടെ പ്രസ്ഥാനത്തോടുള്ള അത്മാർത്ഥതയെയും സ്‌നേഹത്തേയും മനസ്സിലാക്കി, അതാത് പാർട്ടി ഘടകങ്ങളിൽ ഉൾക്കൊള്ളാനുള്ള ശ്രമം നടത്തും എന്ന് അദ്ദേഹം സദസ്സിന് ഉറപ്പ് നൽകി.

2024 ലേക്കുള്ള പ്രതിപക്ഷ പ്രതീക്ഷയും, മതേതര ഇന്ത്യയുടെ പ്രതീക്ഷയും കോൺഗ്രസ്സ് തന്നെയാണ്. ഹിന്ദി ഹൃദയ ഭൂമിയിലെ പരാജയത്തോടെ 2024 ലേക്കുള്ള സകല സാധ്യതകളും അസ്തമിച്ചു എന്ന മട്ടിൽ നിരാശരായി ഇരിക്കുന്നത് വ്യർത്ഥമാണ്.

തോൽവിയിലും ഹിന്ദി ഹൃദയഭൂമിയിൽ മത്സരിച്ച എല്ലാ സംസ്ഥാനങ്ങളിലും നാല്പതോ അതിൽ കൂടുതൽ ശതമാനമോ വോട്ട് കോൺഗ്രസ്സിനുണ്ട്. 2018 ലെ വോട്ട് ശതമാനത്തിന് സമാനമായ പ്രകടനം തന്നെയാണ് കോൺഗ്രസ്സ് ഇത്തവണയും കാഴ്ചവച്ചിരിക്കുന്നത്. ചെറുപാർട്ടികളുടെ വോട്ട് കൂടി പെട്ടിയിലാക്കി ബിജെപി നടത്തിയ കുതിച്ചു ചാട്ടമാണ് കോൺഗ്രസ്സിനെ പരാജയം രുചിപ്പിച്ചത്. ഈ ശതമാനം തന്നെ ലോക്സഭ സീറ്റുകളായി പരിവർത്തനപ്പെടുത്തിയാൽ 27 സീറ്റുകളോളം ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി കോൺഗ്രസ്സിന് വിജയിക്കാൻ കഴിയും.

തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ ജനപിന്തുണയും ബംഗാൾ, ബീഹാർ, മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണിയിലെ മറ്റ് പാർട്ടികൾക്കുള്ള സ്വാധീനവും കൂടി കണക്കിലെടുക്കുമ്പോൾ 2024 ൽ മത്സരം കടുത്തതാണ്. ആ യഥാർത്ഥ്യം മറച്ച് വെക്കാനാണ് മത്സരത്തിന് മുൻപേ വിജയിച്ചു എന്ന പ്രതീതി ബി ജെ പി സൃഷ്ടിക്കുന്നത്. വർഷങ്ങളായിയുള്ള അവരുടെ തന്ത്രമാണത്. സമാന രീതിയിൽ പരാജയപ്പെട്ടത് അവരായിരുന്നെങ്കിൽ 2018 ലും തങ്ങൾ മൂന്ന് സംസ്ഥാനങ്ങളിൽ തോറ്റിട്ടും 2019 ൽ വിജയിച്ച ചരിത്രം ഓർമ്മിപ്പിച്ച് ശുഭാപ്തി വിശ്വാസം നിലനിർത്തിയേനെ. അതുകൊണ്ട്

വിജയിക്കാനായി തന്നെയാണ് നാം രാഹുൽ ഗാന്ധിയെന്ന നേതാവിന്റെ നേതൃത്വത്തിൽ പോരാടുന്നത്. കാരണം ഇത് വ്യക്തികൾക്കോ പ്രസ്ഥാനങ്ങൾക്കോ വേണ്ടിയുള്ള പോരാട്ടമല്ല. ഈ രാജ്യത്തെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടമാണ്.

രാജ്യത്തിനായുള്ള ഈ പോരാട്ടത്തിൽ രാഹുൽ ഗാന്ധി തനിച്ചല്ല, കൂടെ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ ഉണ്ട്. ഇന്ന് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ഭാരത് ജോഡാ ന്യായ് യാത്ര പാവപ്പെട്ട ജനങ്ങളുടെ പ്രതീക്ഷയാണ്. കോർപ്പറേറ്റുകൾക്ക് അടിയറവ് വെച്ച, ജനങ്ങളെ ഭിന്നിപ്പിച്ച ഫാസിസ്റ്റ് ശക്തികളിൽ നിന്നുള്ള സാധാരക്കാരന്റെ ഏക ആശ്രയം രാഹുൽ ഗാന്ധിയാണ്. അദ്ദേഹം നടത്തുന്ന ഈ ചരിത്രപരമായ മഹാ പോരാട്ടം ലക്ഷ്യം കാണുക തന്നെ ചെയ്യും.

ഭാരത് ജോഡോ ന്യായ് യാത്രയുമായി രാഹുൽ ഗാന്ധി കളം പിടിക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷനുകൾ വിളിച്ച് ബൂത്ത് തല പ്രവർത്തകരെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് സജ്ജമാക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ശക്തമായ പ്രവർത്തനത്തിലാണ്. ജനുവരി 25 മുതലാണ് ഓരോ സംസ്ഥാനത്തെയും ബൂത്ത് തലത്തിലുള്ള പ്രധാന പ്രവർത്തകരെ അണിനിരത്തി കൊണ്ടുള്ള പ്രവർത്തക കൺവെൻഷനുകൾ ആരംഭിക്കുന്നത്. ആദ്യ കൺവെൻഷൻ നടക്കുന്നത് കോൺഗ്രസ് കഴിഞ്ഞമാസം അധികാരം പിടിച്ച തെലങ്കാനയിലാണ്. ആയതിനാൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യയിൽ RSS ന്റെ വളർച്ചയ്ക്ക് വെള്ളവും വളവും നൽകിയ പ്രസ്ഥാനം സിപിഎം ആണ്. ഉദാഹരണമായി, 1989 ലെ പൊതു തിരഞ്ഞെടുപ്പിൽരാമജന്മഭൂമി വിഷയം പ്രധാന ചർച്ചയായ അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസബാദ് ലോകസഭ മണ്ഡലത്തിൽ വിജയിച്ച സ്ഥാനാർത്ഥി മിത്ര സെൻ യാദവ് ഇടത് പക്ഷക്കാരനാണ്. പരാജയപ്പെടുത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി നിർമൽ ഖത്രിയെ,മൂന്നാം സ്ഥാനം ബി എസ് പി സ്ഥാനാർഥിക്കും. അയോദ്ധ്യ നിൽക്കുന്ന ഫൈസബാദ് മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർഥിയെ നിർത്തിയില്ല എന്നു മാത്രമല്ല അവർ പിന്തുണച്ചത് വി പി സിംഗ് നേതൃത്വം നൽകിയ, ഇ എം എസ്സും, സുർജിത്തും, നിർത്തിയ ദേശിയ മുന്നണി സ്ഥാനാർഥി മിത്ര സെൻ യാദവിനെ ആയിരുന്നു. തിരിച്ച് മറ്റ് സ്ഥലങ്ങളിൽ ബിജെപി ക്ക് കമ്മ്യൂണിസ്റ്റുകളുടെ പിന്തുണ ലഭിച്ചു. ഫലം 1984 ഇൽ കേവലം രണ്ടു സീറ്റുകൾ മാത്രം ലോക്‌സഭയിൽ ഉണ്ടായിരുന്ന ബിജെപി ക്ക് 1989 ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റ് 85.

അയോദ്ധ്യയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ബിജെപി പിന്തുണ വാങ്ങിയവരാണ് കോൺഗ്രസിനെ ഉപദേശിക്കാൻ ഇറങ്ങിയിരിക്കുന്നത് അപഹാസ്യമാണെന്നും അഡ്വ. എം ലിജു പറഞ്ഞു.

ഇന്നാട്ടിലെ പാവങ്ങളെ ചൂഷണം ചെയ്യാൻ, പിണറായി നടത്തിയ ജനദ്രോഹ യാത്രയ്‌ക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഏറ്റവും ഹീനമായി മർദ്ദിച്ചതിനെ മുഖ്യ മന്ത്രി രക്ഷാപ്രവർത്തനമായി വീണ്ടും വീണ്ടും ന്യായീകരിച്ചത് കേരളം കണ്ടതാണ്. മനുഷ്യരെ കൊല്ലാനും അതിനെ ന്യായീകരിക്കാനും മാത്രം ആഹ്വാനം ചെയ്യുന്ന പിണറായിയുടെ വാക്കുകളെ, മനുഷ്യത്വമുള്ള സിപിഎം അണികൾ പോലും അവജ്ഞയോടെ തള്ളിക്കളയും. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെതിരെ സമാനതകളില്ലാത്ത പ്രതികാര നടപടികളാണ് പിണറായി വിജയൻ അധികാരമുപയോഗിച്ച് നടത്തികൊണ്ടിരിക്കുന്നത്. RSS ന് സമാന 'വെറുപ്പ് ' പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ എല്ലാ അർത്ഥത്തിലും ഫാസിസ്റ്റുകളുമായി സന്ധി ചെയ്ത കപടനാണ്. കോൺഗ്രസ്സ് വിരുദ്ധത മുഖ്യ ലക്ഷ്യമാക്കിയ ഇരു കൂട്ടരുടെയും അക്രമണങ്ങളെയും, അജണ്ടകളെയും നാം ശക്തമായി അതിജീവിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒ ഐ സി സി ദമ്മാം റീജണൽ കമ്മിറ്റി പ്രസിഡൻറ് ഇ കെ സലിം അദ്ധ്യക്ഷനായ യോഗം യോഗം നാഷണൽ പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ്, അലപ്പുഴ ജില്ലാ പ്രസിഡൻറ് ജോണി പുതിയറ, സിറാജ് പുറക്കാട്, ചന്ദ്രമോഹൻ എന്നിവർ ആശംസ അർപ്പിച്ചു.

ഷിഹാബ് കായംകുളം സ്വാഗതവും, റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

TAGS :

Next Story