ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രകൾക്ക് ഇനി പുതിയ വേഗം; അഞ്ച് രാജ്യങ്ങളുമായി കരാർ ഒപ്പിട്ടു
ആകെ വ്യോമഗതാഗത കരാറുകളുടെ എണ്ണം 140 ആയി

റിയാദ്: അന്താരാഷ്ട്ര വ്യോമയാന ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒമാൻ അഞ്ച് പുതിയ വ്യോമഗതാഗത കരാറുകളിൽ ഒപ്പുവെച്ചു. കാനഡയിലെ മോൺട്രിയലിൽ നടന്ന അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 43ാമത് പ്രത്യേക സമ്മേളനത്തിനിടെയാണ് കരാറുകൾ യാഥാർത്ഥ്യമായത്. കാനഡ, മാലി, നെതർലൻഡ്സ് (കുറസാവോ), ബെലീസ്, ടോഗോ എന്നീ രാജ്യങ്ങളുമായാണ് ഒമാൻ കരാറിൽ ഏർപ്പെട്ടത്. ഇതോടെ ഒമാൻ ഒപ്പുവെച്ച ആകെ വ്യോമയാന കരാറുകളുടെ എണ്ണം 140 ആയി ഉയർന്നു. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് പുതിയ അവസരങ്ങൾ ഒരുക്കാനും ഈ നീക്കം സഹായിക്കും. യാത്ര, വ്യാപാരം, വിനോദസഞ്ചാരം എന്നീ മേഖലകളുടെ വളർച്ചയ്ക്ക് ഇത് കരുത്തേകും.
ഒമാന് വേണ്ടി സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നാഇഫ് ബിൻ അലി അൽ അബ്രിയാണ് കരാറുകളിൽ ഒപ്പുവെച്ചത്. കാനഡയ്ക്കായി ഗതാഗത സഹമന്ത്രി മൈക്കൽ വാൻഡർഗ്രിഫ്റ്റും, മാലിക്കായി നാഷണൽ സിവിൽ ഏവിയേഷൻ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുഹമ്മദ് ഹമദി ഡയല്ലോയും ഒപ്പിട്ടു. നെതർലൻഡ്സിന് വേണ്ടി കുറസാവോ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ പീറ്റർ സ്റ്റെയിൻമെറ്റ്സ്, ബെലീസിനായി സിവിൽ ഏവിയേഷൻ ഡയറക്ടർ നൈജൽ കാർട്ടർ, ടോഗോയ്ക്ക് വേണ്ടി ബ്രിഗേഡിയർ ജനറൽ അഗ്‌നെഡോഫെ മാമ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ആഗോള വ്യോമയാന മേഖലയിൽ ഒമാന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടാനും പുതിയ പങ്കാളിത്തം വഴിയൊരുക്കും.
Adjust Story Font
16

