Quantcast

ഇന്ത്യൻ ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ തീർഥാടകർ ഇന്ന് മക്കയിലെ ഹറം പള്ളിയിൽ ആദ്യ ജുമുഅ നമസ്‌കരിച്ചു

ഹറം പള്ളിയിലെ ജുമുഅ നമസ്‌കാരത്തിൽ ആദ്യമായി പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളി തീർഥാടകർ.

MediaOne Logo

Web Desk

  • Published:

    17 Jun 2022 5:52 PM GMT

ഇന്ത്യൻ ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ തീർഥാടകർ ഇന്ന് മക്കയിലെ ഹറം പള്ളിയിൽ ആദ്യ ജുമുഅ നമസ്‌കരിച്ചു
X

ഇന്ത്യൻ ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ തീർഥാടകർ ഇന്ന് മക്കയിലെ ഹറം പള്ളിയിൽ ആദ്യ ജുമുഅ നമസ്‌കരിച്ചു. മദീനാ സന്ദർശനം പൂർത്തിയാക്കിയശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് തീർഥാടകർ മക്കയിലെത്തിയത്. കേരളത്തിൽ നിന്നുള്ള മുഴുവൻ ഹജ്ജ് തീർഥാടകരും സൗദിയിൽ എത്തിച്ചേർന്നു.

ഇന്ത്യൻ ഹജ്ജ് കമ്മിറ്റി കീഴിൽ എത്തിയ അയ്യായിരത്തോളം പേരാണ് മസ്ജിദുൽ ഹറമിൽ ഇന്ന് ജുമുഅക്കും പ്രാർത്ഥനയ്ക്കുമായി എത്തിയത്. ഹറം പള്ളിയിലെ ജുമുഅ നമസ്‌കാരത്തിൽ ആദ്യമായി പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളി തീർഥാടകർ.

രാവിലെ മുതൽ തന്നെ തീർഥാടകർ ഹറമിൽ എത്തിത്തുടങ്ങിയിരുന്നു. 11.30 ഓടെ മുഴുവൻ തീർത്ഥാടകരെയും ഇന്ത്യൻ ഹജ്ജ് മിഷൻ പ്രവർത്തകർ ഹറം പളളിയിലെത്തിച്ചു. മസ്ജിദുൽ ഹറമിനടുത്തുള്ള ബാബ് അലി ബസ് ബസ് സ്റ്റേഷൻ വഴിയാണ് ഇന്ത്യൻ തീർത്ഥാടകർ ജുമുഅക്കെത്തിയത്.

40 ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്ന് മസ്ജിദുൽ ഹറമിലും പരിസരങ്ങളിലും ചൂട്. സന്നദ്ധ പ്രവർത്തകർ തീർഥാടകർക്ക് വെള്ളം വിതരണം ചെയ്തു. വഴി കാണിക്കാനും, ഹാജിമാരെ അവരുടെ താമസസ്ഥലങ്ങളിലേക്കുള്ള ബസിൽ കയറ്റിവിടാനും പൊള്ളുന്ന വെയിലിനെ അവഗണിച്ചും നൂറുകണക്കിന് സന്നദ്ധ സംഘടനാ പ്രവർത്തകർ സജീവമായുണ്ടായിരുന്നു. ഹജ്ജ് കോൺസുൽ വൈ. സാബിറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ വളണ്ടിയർമാരും മെഡിക്കൽ സംഘവും ഹറം പരിസരത്തെത്തിയിരുന്നു.

ഇന്ത്യയിൽ നിന്ന് മദീന വഴി ഇതുവരെ 29,963 തീർത്ഥാടകരെത്തിയിട്ടുണ്ട്. ജിദ്ദവഴി എത്താനുള്ള തീർഥാടകരുടെ ആദ്യ സംഘവും ഇന്ന് എത്തി. വരും ദിവസങ്ങളിലും ഇന്ത്യയിൽ നിന്നുള്ള കൂടുതൽ തീർഥാടകർ ജിദ്ദ വഴി എത്തും. കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും സൗദി അറേബ്യയിൽ എത്തി. ഇന്ന് പുലർച്ചെ മൂന്നിനാണ് കേരളത്തിൽ നിന്നുള്ള അവസാന വിമാനം 377 തീർഥാടകരുമായി മദീനയിൽ ഇറങ്ങിയത്.

TAGS :

Next Story