സൗദിയിൽ ഓട്ടോണമസ് വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പദ്ധതി
അപേക്ഷകൾ ക്ഷണിച്ച് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
ദമ്മാം: സൗദിയില്‍ ഓട്ടോണമസ് വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പദ്ധതിയുമായി സൗദി ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഇതിനായി കമ്പനികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയതായി അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് സുഗമവും, സുരക്ഷിതവുമായ ഗതാഗത സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തലസ്ഥാനമായ റിയാദിലാണ് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഓട്ടോണമസ് വാഹനങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള ദേശീയ പദ്ധതിയുടെയും വിഷന്‍ 2030ന്‍റെയും ഭാഗമായാണ് നീക്കം. സ്വയം-ഡ്രൈവിംഗ് വാഹനങ്ങളുടെ മേഖലയിലേക്ക് കമ്പനികളെ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഈ മേഖലയിൽ നിക്ഷേപത്തിനുള്ള സാധ്യതകള്‍ക്കും പദ്ധതി തുടക്കം കുറിക്കും.
തീരുമാനം തദ്ദേശീയ, അന്തർദേശീയ കമ്പനികളെ ഓട്ടോണമസ് വാഹനങ്ങളുടെ മേഖലയിലേക്ക് പ്രവേശിക്കാൻ പ്രാപ്തമാക്കുമെന്ന് അതോറിറ്റി വിശദീകരിച്ചു. അപേക്ഷകൾ അതോറിറ്റിയുടെ വൈബ്സൈറ്റ് വഴിയുള്ള ഇലക്ട്രോണിക് ഫോം വഴിയാണ് സ്വീകരിക്കുക. നിർദ്ദിഷ്ടവും കൃത്യവുമായ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസരിച്ചാണ് അപേക്ഷകൾ പരിഗണിക്കുക. പദ്ധതി നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളുടെ സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
Adjust Story Font
16

