സൗദിയിൽ ഡീസലിനും പാചകവാതകത്തിനും വില വർധിപ്പിച്ചു
പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ

റിയാദ് സൗദി അറേബ്യയിൽ ഡീസലിനും എൽപിജി പാചകവാതകത്തിനും വില വർധിപ്പിച്ചു. ഡീസൽ വിലയിൽ 7.8 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ലിറ്റർ ഡീസലിന്റെ വില 1.79 റിയാലായി ഉയർന്നു. 2022-ൽ ഡീസൽ വില പുനഃപരിശോധിക്കുന്ന സംവിധാനം നിലവിൽ വന്നതിന് ശേഷം ഇത് അഞ്ചാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. പുതുക്കിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
പാചകവാതക വിതരണക്കാരായ ഗാസ്‌കോയാണ് (GASCO) എൽപിജി സിലിണ്ടറുകളുടെ പുതുക്കിയ വില പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 11 കിലോഗ്രാം സിലിണ്ടറിന് 26.23 റിയാലും, 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലുമായിരിക്കും പുതിയ വില. കേന്ദ്ര ഗ്യാസ് ടാങ്കുകൾക്ക് ലിറ്ററിന് 1.7770 റിയാൽ എന്ന നിരക്കിലാകും ഇനി വിതരണം ചെയ്യുക. ഗതാഗത ചെലവ്, വാറ്റ് എന്നിവ ഉൾപ്പെടുത്തിയുള്ളതാണ് ഈ നിരക്കുകൾ. രാജ്യത്തെ എല്ലാ മേഖലകളിലും ഗ്യാസ് നിറയ്ക്കുന്നതിനുള്ള നിരക്ക് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കമ്പനി വിശദീകരിച്ചു.
Adjust Story Font
16

