പാക്കേജ് തിരഞ്ഞെടുക്കാം...; ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ രണ്ടാം ഘട്ടം നാളെ മുതൽ
പ്രവാസികളിൽ കുറഞ്ഞത് ഒരു വർഷത്തെ ഇഖാമയുള്ളവർക്ക് മുൻഗണന

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായുള്ള ആഭ്യന്തര തീർഥാടകരുടെ രജിസ്ട്രേഷൻ നടപടികളുടെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. സ്വദേശികൾക്കും വിദേശികൾക്കുമായി അനുവദിച്ചിട്ടുള്ള സീറ്റുകളിലേക്കുള്ള പാക്കേജ് തിരഞ്ഞെടുക്കലാണ് ഈ ഘട്ടത്തിൽ നടക്കുക. നുസുക് ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതുവരെ ഹജ്ജ് കർമം നിർവഹിക്കാത്തവർക്ക് ശവ്വാൽ മാസം അവസാനം വരെ മുൻഗണന ലഭിക്കും. സീറ്റുകൾ ബാക്കിയുണ്ടെങ്കിൽ മാത്രമേ നേരത്തെ ഹജ്ജ് ചെയ്തവർക്കും 'മഹ്‌റം' വിഭാഗത്തിലുള്ളവർക്കും പിന്നീട് അവസരം നൽകൂ.
അപേക്ഷകർക്ക് കുറഞ്ഞത് 15 വയസ്സ് പ്രായമുണ്ടാകണമെന്നും നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇഖാമയുള്ള വിദേശികൾക്ക് അപേക്ഷിക്കാമെങ്കിലും, കുറഞ്ഞത് ഒരു വർഷത്തെ ഇഖാമയുള്ളവർക്കായിരിക്കും മുൻഗണന. തീർഥാടകർ നേരിട്ട് തന്നെ നുസുക് പ്ലാറ്റ്ഫോമിൽ അക്കൗണ്ട് ആരംഭിച്ച് വിവരങ്ങൾ നൽകണം. പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ലൈസൻസുള്ള കമ്പനികൾ വഴി മാത്രമേ കരാറുകൾ ഉറപ്പിക്കാവൂ എന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു. ശേഷം പാക്കേജുകൾ തിരഞ്ഞെടുത്ത് സദാദ് പെയ്മെന്റ് സംവിധാനം വഴി ഫീസ് അടക്കണം. ഇതോടെ പെർമിറ്റ് നടപടികൾ പൂർത്തിയാകും.
Adjust Story Font
16

