'ഗൾഫ് സഹകരണം മുന്നോട്ട് പോകുന്നതിൽ സ്വകാര്യമേഖലക്ക് നിർണായക പങ്ക്'; ജി.സി.സി സെക്രട്ടറി ജനറൽ
ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ വെച്ചായിരുന്നു യോഗം

മസ്കത്ത്: ഗൾഫ് സഹകരണം മുന്നോട്ട് പോകുന്നതിൽ സ്വകാര്യ മേഖലക്ക് നിർണായക പങ്കുണ്ടെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. ജിസിസി രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരും ചേംബർ ഫെഡറേഷൻ തലവന്മാരും ചേർന്ന് മനാമയിൽ നടന്ന 15-ാമത് കൂടിയാലോചന യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. നയരൂപകർത്താക്കളെയും സ്വകാര്യമേഖലാ പ്രതിനിധികളെയും ഒരുമിപ്പിക്കുന്ന തന്ത്രപരമായ ഒരു വേദിയാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി വ്യക്തമാക്കി. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ബുധനാഴ്ച നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സെഷന്റെ അധ്യക്ഷനും ബഹ്‌റൈൻ വ്യവസായ-വാണിജ്യ മന്ത്രിയുമായ അബ്ദുല്ല ബിൻ ആദൽ ഫക്രോയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ജി.സി.സി അംഗരാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരും വിവിധ ചേംബറുകളുടെ തലവന്മാരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഗൾഫ് മേഖലയിലെ സ്വകാര്യമേഖല നേരിടുന്ന പ്രാദേശികവും ആഗോളവുമായ സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും, അംഗരാജ്യങ്ങളിലെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണം ഈ യോഗത്തിലൂടെ കൂടുതൽ ദൃഢമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജി.സി.സി രാജ്യങ്ങളുടെ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും സംയുക്ത ഗൾഫ് സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും സ്വകാര്യമേഖല നിർണായക പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യമേഖല നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അവക്ക് ഉചിതമായ പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണ് ഈ കൂടിയാലോചനാ യോഗത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ജി.സി.സി. അംഗരാജ്യങ്ങളിലെ സ്വകാര്യമേഖലയുടെ വളർച്ചയെ പിന്തുണക്കുന്ന പുതിയ പദ്ധതികൾക്കും ചർച്ചകൾക്കും ഈ യോഗം രൂപം നൽകുമെന്നും, ഇത് സാമ്പത്തിക സ്ഥിരതക്കും വികസനത്തിനും ആഗോളതലത്തിൽ കൗൺസിലിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും കാരണമാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചാണ് അദ്ദേഹം പ്രസംഗം അവസരിപ്പിച്ചത്.
Adjust Story Font
16

