റമദാൻ മുന്നൊരുക്കം; സൗദിയിൽ ഗുണനിലവാരമില്ലാത്ത 21 ടൺ ഭക്ഷ്യവസ്തുക്കൾ പിടികൂടി
തീർഥാടകരുടെ എണ്ണം കൂടുതലുണ്ടാവുന്നതിനാൽ മക്ക, മദീന മേഖലകളിലാണ് കൂടുതൽ പരിശോധന നടത്തിയത്

റിയാദ്: സൗദിയിൽ ഗുണനിലവാരമില്ലാത്ത 21 ടൺ ഭക്ഷ്യവസ്തുക്കൾ പിടികൂടി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. വിവിധയിടങ്ങളിലായി 1578 പരിശോധനകൾ നടത്തിയതിനെത്തുടർന്നാണ് കണ്ടെത്തിൽ. 310 ഫാക്ടറികളിലും 1017 വെയർഹൗസുകളിലും അതോറിറ്റി പരിശോധന നടത്തി. 793 സ്ഥാപനങ്ങളിലായി 4346 ഉൽപ്പന്നങ്ങൾ പരിശോധനക്ക് വിധേയമാക്കുകയും, നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ആറ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. റമദാൻ മാസത്തിൽ തീർഥാടകരുടെ എണ്ണം കൂടുതലുണ്ടാവുന്നതിനാൽ മക്ക, മദീന മേഖലകളിലാണ് കൂടുതൽ പരിശോധന നടത്തിയത്.
ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇവർക്കെതിരെ10 മില്യൺ റിയാൽ വരെ പിഴയോ, തടവ് ശിക്ഷയോ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയോ ചെയ്യുന്നതാണ്.
ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ സംഭരണം, വിതരണം, ഗുണനിലവാരം എന്നിവ ഉറപ്പാക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. ഉൽപ്പന്നങ്ങളിലെ പോഷകാഹാര വിവരങ്ങൾ കൃത്യമാണോ എന്നും നിർമ്മാണത്തിലും മറ്റും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും സംഘം പരിശോധിച്ചു.
Adjust Story Font
16

