പഴമയുടെ പെരുമ കാത്ത്...;സൗദിയിൽ 50,000 പൈതൃക കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായി
ചരിത്രനേട്ടവുമായി ഹെറിറ്റേജ് കമ്മീഷൻ

റിയാദ്: സൗദിയിലെ വാസ്തുവിദ്യാ പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർണായക പദ്ധതിയിൽ വലിയ നേട്ടം കൈവരിച്ച് ഹെറിറ്റേജ് കമ്മീഷൻ. രാജ്യത്തുടനീളം 50,000 വാസ്തുവിദ്യാ പൈതൃക കേന്ദ്രങ്ങൾ ദേശീയ രജിസ്റ്ററിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യം അതോറിറ്റി വിജയകരമായി പൂർത്തിയാക്കി. അസീർ, അൽ ബഹ, മക്ക എന്നീ മേഖലകളിൽ നിന്നായി പുതുതായി 8,500 പൈതൃക കേന്ദ്രങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ലക്ഷ്യം പൂർത്തിയായത്. അത്യാധുനിക അന്താരാഷ്ട്ര സാങ്കേതികവിദ്യകളും ജിയോസ്പേഷ്യൽ ഇൻഫർമേഷൻ സിസ്റ്റവും പ്രയോജനപ്പെടുത്തിയാണ് ഈ സൈറ്റുകളെ കൃത്യമായി രേഖപ്പെടുത്തുന്നതും സംരക്ഷിക്കുന്നതും. പൈതൃക കേന്ദ്രങ്ങളെ കണ്ടെത്തുക, അവയുടെ മൂല്യം നിശ്ചയിക്കുക, ഔദ്യോഗികമായി തരംതിരിക്കുക തുടങ്ങിയ അഞ്ച് ഘട്ടങ്ങളിലൂടെയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. പൈതൃക സംരക്ഷണത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ വലുതാണെന്നും, തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പുരാതന കെട്ടിടങ്ങളെക്കുറിച്ചോ സ്ഥലങ്ങളെക്കുറിച്ചോ വിവരം നൽകാൻ പൗരന്മാർ മുന്നോട്ടുവരണമെന്നും കമ്മീഷൻ അഭ്യർഥിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയോ ആർക്കും പൈതൃക കേന്ദ്രങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
Adjust Story Font
16

