സൗദിയിൽ സ്വകാര്യ താമസകേന്ദ്രങ്ങൾക്ക് പുതിയ നിയമാവലി; ഈ മാറ്റങ്ങൾ അറിഞ്ഞില്ലെങ്കിൽ 'ഹോസ്പിറ്റാലിറ്റി' പടിക്ക് പുറത്ത്...
നിലവിലുള്ള 'പെർമിറ്റ്' സംവിധാനത്തിന് പകരം പ്രത്യേക ലൈസൻസ് നിർബന്ധമാകും

റിയാദ്: സൗദി അറേബ്യയിൽ വീടുകളും അപാർട്ട്മെന്റുകളും ഉൾപ്പെടെയുള്ള സ്വകാര്യ താമസകേന്ദ്രങ്ങൾ സഞ്ചാരികൾക്ക് വാടകയ്ക്ക് നൽകുന്നതിന് ഇനി മുതൽ ഔദ്യോഗിക ലൈസൻസ് നിർബന്ധമാക്കി. നിലവിലുള്ള 'പെർമിറ്റ്' സംവിധാനത്തിന് പകരമായി 'പ്രൈവറ്റ് ഹോസ്പിറ്റാലിറ്റി യൂണിറ്റ് റെഗുലേഷൻസ്' എന്ന ലൈസൻസ് ആണ് നിർബന്ധമാകുക. ടൂറിസം മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ ഖതീബ് ആണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്. മാറ്റങ്ങൾ ഔദ്യോഗിക ഗസറ്റായ 'ഉമ്മുൽ ഖുറ'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗദിയിലെ ടൂറിസം മേഖലയുടെ പ്രവർത്തന നിലവാരം ഉയർത്തുന്നതിനും സഞ്ചാരികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിനുമായാണ് മന്ത്രാലയം പുതിയ നിയമാവലി നടപ്പിലാക്കുന്നത്.
പ്രധാന നിയമങ്ങളും വ്യവസ്ഥകളും
1. 90 ദിവസത്തെ കാലാവധി
നിലവിൽ സാധുവായ പെർമിറ്റുകളുള്ള ഉടമകൾ 90 ദിവസത്തിനകം പുതിയ ലൈസൻസിങ് മാനദണ്ഡങ്ങളിലേക്ക് മാറണം. ടൂറിസം മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി അധിക ഫീസുകളില്ലാതെ തന്നെ നിലവിലുള്ള പെർമിറ്റുകൾ ലൈസൻസുകളാക്കി മാറ്റാം.
2. ലൈസൻസ് യോഗ്യതകളും പരിധിയും
ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തി സൗദി പൗരനോ അല്ലെങ്കിൽ സൗദിയിൽ വസ്തുവകകൾ സ്വന്തമായുള്ള വിദേശിയോ ആയിരിക്കണം. റസിഡൻഷ്യൽ, അഗ്രികൾച്ചറൽ അല്ലെങ്കിൽ മിക്സഡ് ആവശ്യങ്ങൾക്ക് മാറ്റിവെച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് മാത്രമായിരിക്കും ലൈസൻസ്. ഒരു കെട്ടിടത്തിൽ ഒരു വ്യക്തിക്ക് പരമാവധി 3 ലൈസൻസുകൾ മാത്രമേ അനുവദിക്കൂ. മൂന്നിലധികം യൂണിറ്റുകളുള്ളവർ നിർബന്ധമായും പരിപാലന-ശുചീകരണ കരാറുകൾ നൽകുകയും സൗദിയുടെ 'ശംസ്' സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയും വേണം. ലൈസൻസിന്റെ പരമാവധി കാലാവധി 1 വർഷമായിരിക്കും.
3. താമസം, ബുക്കിങ് രീതികൾ
ഒരു സഞ്ചാരിക്ക് ഒരേ യൂണിറ്റിൽ തുടർച്ചയായി പരമാവധി 29 ദിവസവും, ഒരു വർഷത്തിൽ ആകെ 90 ദിവസവും മാത്രമേ താമസിക്കാൻ അനുമതിയുള്ളൂ. ബുക്കിങ്ങുകളും പണമിടപാടുകളും മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ട്രാവൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമേ നടത്താവൂ. സഞ്ചാരികളിൽ നിന്ന് നേരിട്ട് പണം കൈപ്പറ്റുന്നതിന് നിരോധനമുണ്ട്
4. സുരക്ഷയും സ്വകാര്യതയും
സഞ്ചാരികളുടെ അനുമതിയില്ലാതെ പൊലീസിന്റെയോ സുരക്ഷാ ഏജൻസികളുടെയോ സാന്നിധ്യത്തിലല്ലാതെ താമസിപ്പിച്ചിരിക്കുന്ന മുറികൾ തുറക്കാനോ അവരെ ഒഴിവാക്കാനോ പാടില്ല. സഞ്ചാരികളുടെ വ്യക്തിവിവരങ്ങളുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കണം. അടിയന്തര സുരക്ഷാ പ്രശ്നങ്ങളോ അപകടങ്ങളോ ഉണ്ടായാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെയും ടൂറിസം മന്ത്രാലയത്തെയും വിവരമറിയിക്കണം.
5. ഫീസ് നിരക്കുകൾ
സ്വകാര്യ ഹോസ്പിറ്റാലിറ്റി യൂണിറ്റുകൾക്കുള്ള പുതിയ ലൈസൻസ് ഫീസ് 1,100 റിയാലാണ്. ആദ്യ രണ്ട് പരിശോധനകൾക്ക് ശേഷമുള്ള അധിക സന്ദർശനങ്ങൾക്കും പരിശോധനകൾക്കും 500 റിയാൽ വീതം ഫീസ് ഈടാക്കും. ഈ മാറ്റങ്ങൾ സൗദിയിലെ ടൂറിസം മേഖലക്ക് കൂടുതൽ വിശ്വസനീയത നൽകുമെന്നും നിക്ഷേപകർക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16

