അബ്ദുൽ റഹീമിന്റെ മോചനം; അനുരഞ്ജന കരാറിൽ അനന്തരാവകാശികൾ ഒപ്പ് വെച്ചു
ദിയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്കും ഗവർണറേറ്റിന് കൈമാറി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന്റെ അവസാന ഘട്ടമായ അനുരഞ്ജന കരാറിൽ അനന്തരാവകാശികൾ ഒപ്പ് വെച്ചു. ഇന്ന് രാവിലെയാണ് ഇരുവിഭാഗവും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പ് വെച്ചത്. ദിയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്കും ഗവർണറേറ്റിന് കൈമാറി. ഗവർണറേറ്റ് കേസ് ഒത്തുതീർപ്പായ വിവരങ്ങൾ കോടതിയെ അറിയിക്കുന്നതോടെ റഹീമിന്റെ മോചനം സാധ്യമാകും.
ഇന്ന് ഒപ്പുവെച്ച അനുരഞ്ജന കരാറും ചെക്കും ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റ് കോടതിയിലേക്ക് കൈമാറും. അപ്പോഴേക്കും ഇരു വിഭാഗം വക്കീലുമാരും കോടതിയുടെ സമയം തേടും. എല്ലാ രേഖകളും പരിശോധിച്ചായിരിക്കും കോടതി സിറ്റിങ്ങിന് സമയം അനുവദിക്കുക. കോടതി സമയം അനുവദിക്കുന്ന ദിവസം വധ ശിക്ഷ റദ്ദ് ചെയ്യലും മോചനവും ഉൾപ്പടെയുള്ള വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.
കേസിലെ സുപ്രധാന കടമ്പയാണ് ഇപ്പോൾ തീർന്നത്. ഇനിയുള്ളത് കോടതിയുടെ മാത്രം നടപടികളാണ്. എംബസി ഉദ്യോഗസ്ഥർക്കൊപ്പം റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും ഗവർണറേറ്റിൽ എത്തിയിരുന്നു. ദിയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്കാണ് ഗവർണറേറ്റിന് കൈമാറിയത്. അനുരഞ്ജന കരാറെന്ന സുപ്രധാന നടപടി പൂർത്തിയായതോടെ വക്കീനുള്ള ചെക്ക് സഹായ സമിതി ചെയർമാൻ സി.പി മുസ്തഫയും കൈമാറി.
ഇതോടെ അബ്ദുൽ റഹീം കേസിലെ പുറത്ത് നിന്നുള്ള എല്ലാ നടപടിക്രമങ്ങളും അവസാനിച്ചതായി സഹായ സമിതി അറിയിച്ചു. പെരുന്നാൾ അവധിക്ക് മുമ്പ് കോടതി സമയം അനുവദിച്ചാൽ ബലി പെരുന്നാൾ കഴിഞ്ഞ് വൈകാതെ തന്നെ മോചനം സാധ്യമാകുമെന്ന ശുഭപ്രതീക്ഷയിലാണ് റിയാദ് റഹീം സഹായ സമിതിയും പൊതുസമൂഹവും. ഇനി കോടതിയുടെ നടപടി ക്രമങ്ങൾക്കായുള്ള കാത്തിരിപ്പാണ്.
പെരുന്നാളവധി അടുത്തതിനാൽ കോടതിയിൽ നിന്നും വേഗത്തിൽ തിയതി ലഭിച്ചാലേ പെരുന്നാളിന് മുമ്പ് മോചനം സാധ്യമാകൂ. അല്ലെങ്കിൽ പെരുന്നാൾ കഴിഞ്ഞാകും മോചനം. എന്തായിരുന്നാലും, കേസിലെ സുപ്രധാന കടമ്പകൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി ഏതാനും ദിനങ്ങളുടെ കാത്തിരിപ്പേ ഉണ്ടാകൂ എന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ.
Adjust Story Font
16

