സൗദിയിൽ സ്വകാര്യ മേഖലാ ജീവനക്കാർക്കും ഡ്രസ് കോഡിന് ആലോചന; വിദേശികൾക്ക് ഫോർമൽ വസ്ത്രങ്ങൾ
പൊതുജനാഭിപ്രായം തേടിയ ശേഷം നിയമമാക്കും

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലാ ജീവനക്കാർക്കും പൊതുമേഖലയിലെ വസ്ത്രധാരണ നിയമം ഏർപ്പെടുത്താൻ മാനവവിഭവ മന്ത്രാലയം. ഇതിനായുള്ള ചട്ടങ്ങൾ പൊതുജന പ്രതികരണം തേടാൻ പുറത്തിറക്കി. സൗദി പുരുഷ ജീവനക്കാർക്ക് ജോലി സമയത്തും പരിപാടികളിലും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴും ദേശീയ വസ്ത്രം നിർബന്ധമാകും. ജോലിസ്ഥലത്ത് ഔദ്യോഗിക യൂണിഫോം നിർബന്ധമുണ്ടെങ്കിൽ അത് ഈ നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പുതിയ നിയമമനുസരിച്ച് വിദേശികളായ ജീവനക്കാർ ഫോർമലായ വസ്ത്രങ്ങൾ ധരിക്കണം. വീടുകളിലുപയോഗിക്കുന്ന തരത്തിലുള്ള കാഷ്വൽ വസ്ത്രങ്ങൾ അനുവദിക്കില്ലെന്ന് ചുരുക്കം.
സ്ത്രീകളും ശരീരം മറയ്ക്കുന്ന മാന്യമായ വസ്ത്രം ധരിക്കണം. നഗ്നത കാണിക്കുന്നതോ നിഴലിക്കുന്നതോ അമിതമായി ഇറുകിയതോ ആയ വസ്ത്രങ്ങൾ ധരിക്കരുത്. രാജ്യത്തെ പൊതു ചട്ടങ്ങൾ ബഹുമാനിക്കണമെന്നും ചട്ടത്തിലുണ്ട്. ഇതിപ്പോൾ പൊതുജനാഭിപ്രായം തേടാനായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതു ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ചട്ടം നടപ്പാക്കുക.
ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ചും നിർദേശങ്ങളുണ്ട്. സൗദി മൂല്യങ്ങൾ, പാരമ്പര്യം, സംസ്കാരം എന്നിവക്ക് എതിരായ പെരുമാറ്റം വിലക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിച്ഛായ ബാധിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. വസ്ത്രവും ശരീരവും വൃത്തിയായി സൂക്ഷിക്കണമെന്നും രാഷ്ട്രീയ-ആശയ സന്ദേശമുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമം ലംഘിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്ക് നിയമാനുസൃതമായ നടപടികൾ നേരിടേണ്ടി വരും. സ്വകാര്യ സ്ഥാപനങ്ങളിലുള്ള ജീവനക്കാർ വീഴ്ചവരുത്തിയാൽ തൊഴിൽ നിയമപ്രകാരം മന്ത്രാലയം സ്ഥാപനത്തിന് പിഴ ചുമത്തും.
Adjust Story Font
16

