ഒന്നിച്ചുപറക്കാം... സൗദിയയുടെ പാസഞ്ചർ സർവീസ് സിസ്റ്റവുമായി ബന്ധം സ്ഥാപിച്ച് റിയാദ് എയർ
ഒറ്റ ടിക്കറ്റിൽ കണക്ഷൻ യാത്രകൾ ബുക്ക് ചെയ്യാം

റിയാദ്: വ്യോമയാന മേഖലയിൽ സഹകരണം പ്രഖ്യാപിച്ച് റിയാദ് എയറും സൗദിയയും. സഹകരണ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി സൗദിയയുടെ പാസഞ്ചർ സർവീസ് സിസ്റ്റവുമായി റിയാദ് എയർ ബന്ധം സ്ഥാപിച്ചു. ഇത് രണ്ട് വിമാനക്കമ്പനികൾക്കും കോഡ്ഷെയർ സംവിധാനം നടപ്പാക്കാനും യാത്രക്കാർക്ക് കൂടുതൽ കണക്റ്റിവിറ്റി ഓപ്ഷനുകൾ നൽകാനും വഴിയൊരുക്കും. സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) കമ്പനികളിൽ ഒന്നുമാണ് റിയാദ് എയർ.
റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഹബ്ബിൽ നിന്ന് ആറ് പ്രധാന ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളായ അബഹ, ഖസീം, ദമ്മാം, ജിദ്ദ, മദീന, തബൂക്ക് എന്നിവയിലേക്ക് സൗദിയ നടത്തുന്ന സർവീസുകളിൽ റിയാദ് എയറിന്റെ 'RX' കോഡ് ചേർക്കും. ദൈനംദിന വിമാന സർവീസുകളിലാണ് കോഡ് ഷെയറിങ്. ഇത് റിയാദ് എയറിലെത്തുന്ന യാത്രക്കാർക്ക് കൂടുതൽ കണക്ഷൻ സർവീസുകൾ നൽകും. വിമാനത്താവളത്തിലെ ഒന്ന് മുതൽ നാല് വരെയുള്ള ടെർമിനലുകളിലാണ് രണ്ട് വിമാനക്കമ്പനികളും പ്രവർത്തിക്കുന്നത്. അതിനാൽ യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ കണക്ഷൻ യാത്രകൾ ബുക്ക് ചെയ്യാം. യാത്രക്കാരുടെ അവസാന ലക്ഷ്യസ്ഥാനത്തേക്ക് നേരിട്ട് ചെക്ക് ഇൻ ചെയ്യാനുമാകും.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾക്കിടയിലുള്ള വ്യോമ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. കോഡ്ഷെയർ കരാറിലൂടെ കാരിയറുകളുടെ നെറ്റ്വർക്കുകൾ വികസിപ്പിക്കുകയും ചെയ്യും.
Adjust Story Font
16

