റിയാദ് എക്സ്പോ 2030; മാസ്റ്റർ പ്ലാൻ കരാർ ബ്രിട്ടീഷ് സ്ഥാപനമായ ബ്യൂറോ ഹാപ്പോൾഡിന്
60 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സൈറ്റിലാണ് എക്സ്പോ സംഘടിപ്പിക്കുക

റിയാദ്: റിയാദ് എക്സ്പോ 2030-ന്റെ വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള കരാർ ബ്രിട്ടീഷ് എഞ്ചിനീയറിങ് കൺസൾട്ടൻസി സ്ഥാപനമായ ബ്യൂറോ ഹാപ്പോൾഡിന് നൽകി.അടിസ്ഥാന സൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിങ്, മറ്റു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന വിശദമായ മാസ്റ്റർ പ്ലാൻ രൂപകൽപന ചെയ്യുന്നതിനാണ് കരാർ.
എക്സ്പോയിൽ ഏകദേശം 197 രാജ്യങ്ങളുടെ പങ്കാളിത്തവും 42 ദശലക്ഷത്തിലധികം സന്ദർശകരെയുമാണ് പ്രതീക്ഷിക്കുന്നത്. 60 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സൈറ്റിലാണ് എക്സ്പോ ഒരുങ്ങുക.
പദ്ധതിയുടെ മുഖ്യ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ബ്യൂറോ ഹാപ്പോൾഡ് എക്സ്പോയുടെ ആവശ്യകതകളും പരിപാടി കഴിഞ്ഞുള്ള സൈറ്റിന്റെ സുസ്ഥിര ഭാവിയും കണക്കിലെടുത്ത് സമഗ്രമായ സേവനങ്ങൾ നൽകും. നൂതന മികവിലും സുസ്ഥിരത ഉറപ്പാക്കിയും ഉന്നത നിലവാരത്തിൽ എക്സ്പോ 2030 തയ്യാറാക്കുന്നതിന് ഈ നടപടി സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.
റിയാദ് എയർപോർട്ടിന് സമീപമാണ് വേദി. എക്സ്പോയിലൂടെ 64 ബില്യൺ യു.എസ്. ഡോളർ വരുമാനം നേടാനാകുമെന്നാണ് കണക്കു കൂട്ടൽ. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും നിർമാണം പൂർത്തിയാക്കുക. 2030 ഒക്ടോ.1 മുതൽ മാർച്ച് 31 വരെ എക്സ്പോ തുടരും.
Adjust Story Font
16

