റിയാദ് മാരത്തൺ ഇനി നാല് ദിവസത്തെ ഉത്സവം
ജനുവരി 28 മുതൽ 31 വരെയാണ് റിയാദ് മാരത്തൺ ഫെസ്റ്റിവൽ

റിയാദ്: നാല് ദിവസത്തെ ഉത്സവമായി റിയാദ് ഇന്റർനാഷണൽ മാരത്തൺ. സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 28 മുതൽ 31 വരെയാണ് റിയാദ് മാരത്തൺ ഫെസ്റ്റിവൽ നടക്കുക. വിവിധ വിനോദ, ആരോഗ്യ, ആഘോഷ പരിപാടികൾ ഫെസ്റ്റിവലിൽ നടക്കും. റിയാദിലെ പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്‌മാൻ സർവകലാശാലയിലാണ് പരിപാടി. അവസാന ദിവസം മാരത്തൺ മത്സരങ്ങളോടെ അവസാനിക്കും.
അഞ്ചാമത് മാരത്തണാണ് ഈ വർഷത്തേത്. കായിക മന്ത്രാലയത്തിന്റെയും സൗദി അറേബ്യൻ അത്ലറ്റിക് ഫെഡറേഷന്റെയും പിന്തുണയോടെയാണ് എല്ലാവർക്കും ആരോഗ്യം, ഫിറ്റ്നസ്, സമൂഹ ക്ഷേമം എന്ന ലക്ഷ്യത്തോടെയുള്ള പരിപാടി.
ഈ വർഷത്തെ മാരത്തണിൽ നാല് പ്രധാന മത്സരങ്ങളാണുണ്ടാകുക. ഫുൾ മാരത്തൺ (42 കിലോമീറ്റർ), ഹാഫ് മാരത്തൺ (21 കിലോമീറ്റർ), 10 കിലോമീറ്റർ ഓട്ടം, കുടുംബങ്ങൾക്കും തുടക്കക്കാർക്കും വേണ്ടി രൂപകൽപ്പന ചെയ്ത അഞ്ച് കിലോമീറ്റർ ഓട്ടം എന്നിങ്ങനെയാണ് ഇനങ്ങൾ. കഴിഞ്ഞ വർഷം പുരുഷന്മാരും വനിതകളുമടക്കം 40,000-ത്തിലധികം പേരാണ് മാരത്തണിൽ പങ്കെടുത്തിരുന്നത്. 2024-ൽ പങ്കെടുത്ത 20,000 ഓട്ടക്കാരുടെ ഇരട്ടിയായിരുന്നു പങ്കാളിത്തം.
Adjust Story Font
16

