റിയാദ് സീസൺ: ബോളിവാഡ് നാളെ ഉദ്ഘാടനം ചെയ്യും

ആറ് മാസത്തിനകം 7500 ഇവന്റുകളാണ് ബോളിവാഡിൽ അരങ്ങേറുക

MediaOne Logo

Web Desk

  • Updated:

    2021-10-31 16:22:56.0

Published:

31 Oct 2021 4:22 PM GMT

റിയാദ് സീസൺ: ബോളിവാഡ് നാളെ ഉദ്ഘാടനം ചെയ്യും
X

റിയാദ് സീസണിന്റെ പ്രധാന ആകർഷണമായ ബോളിവാഡ് നാളെ ഉദ്ഘാടനം ചെയ്യും. ആറു മാസം നീളുന്ന പരിപാടികൾ ഇവിടെയുണ്ടാകും. ഇതിൽ മുപ്പത് ശതമാനവും കുട്ടികൾക്കുള്ളതാണ്. ഈ മാസം ഇരുപതിനായിരുന്നു റിയാദ് സീസൺ ഫെസ്റ്റിന്റെ ലോഞ്ചിങ്. ആഗോള നിലവാരത്തിലുള്ള ടൂറിസം ലക്ഷ്യം വെച്ച വിനോദ പരിപാടിക്ക് തുടക്കം കുറിച്ചത് പിറ്റ്ബുളാണ്. ഇതിന് പിന്നാലെ വിവിധ വിനോദ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ആറ് മാസത്തിനകം 7500 ഇവന്റുകളാണ് ബോളിവാഡിൽ അരങ്ങേറുക. അതിൽ 30 ശത്മാനം കുട്ടികളെ ലക്ഷ്യം വെച്ചുള്ളതാണ്. അന്താരാഷ്ട്ര കൺസേർട്ടുകളും സൗദിയുടെ പ്രാദേശിക കലാ വിരുന്നും ആഗോള വ്യാപാര മേഖലകളും ഇതിലുണ്ടാകും. ഇതിനകം റിയാദ് സീസണിൽ എത്തിയത് 10 ലക്ഷത്തിലേറെ പേരെന്ന് വിനോദ അതോറിറ്റി അറിയിച്ചു. ഇതുവരെയുള്ള വരുമാനം 1100 കോടി രൂപയാണ്. അതായത് ഇതുവരെ ചിലവഴിച്ചതിലും ഇരട്ടിയിലേറെ ലാഭം. ഇനി വരാനിരിക്കുന്ന പരിപാടികളിൽ രണ്ട് ഫുട്‌ബോൾ മത്സരങ്ങളുമുണ്ട്. മറഡോണ അനുസ്മരണ കപ്പ് ഡിസംബറിൽ നടക്കും. രണ്ടാമത്തേത് പിഎസ്ജിയുടെ മത്സരമാണ്. ജനുവരിയിലാണ് മത്സരം. ഹോളിവുഡ്, ബോളിവുഡ് താരങ്ങളും വിവിധ പരിപാടികളിലെത്തും. എണ്ണേതര വരുമാനം ലക്ഷ്യം വെച്ച് സൗദി കിരീടാവകാശി തുടങ്ങിവെച്ചതാണ് രാജ്യത്തെ വിനോദ പരിപാടികൾ. റിയാദ് സീസണിന്റെ പ്രധാന വേദിയായ ബോളിവാഡ്, വണ്ടർലാൻഡ് ഈയാഴ്ച സജീവമാകും. പരിപാടികളിലെത്തുന്നവരിൽ മോശം പേരുമാറ്റക്കാരെ കരിമ്പട്ടികയിൽ പെടുത്തും. ഇവരുടെ ഐഡി കാർഡുകൾ ദേശീയ അതോറിറ്റിയുടെ ഓൺലൈൻ സംവിധാനത്തിലേക്ക് രേഖപ്പെടുത്തുന്നതോടെ, രാജ്യത്തെ ഒരു പരിപാടിയിലും പങ്കെടുക്കാനാകില്ല. മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്ന നടപടിയുണ്ടായാൽ നിയമ നടപടിയും ഉണ്ടാകും.

TAGS :

Next Story