റോഡ് വികസനം; 2026 ആദ്യ പകുതിയിൽ നേട്ടം കൈവരിച്ച് സൗദി റോഡ്‌സ് അതോറിറ്റി
ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, സുരക്ഷാ ക്രമീകരണങ്ങൾ എന്നീ മേഖലകളിൽ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്

റിയാദ്: 2026 ന്റെ ആദ്യ ആറ് മാസങ്ങളിൽ രാജ്യത്തെ റോഡ് ശൃംഖലയുടെ വികസനത്തിലും സുരക്ഷയിലും വൻ മുന്നേറ്റവുമായി സൗദി റോഡ്‌സ് ജനറൽ അതോറിറ്റി. പുതിയ പദ്ധതികൾ, ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, സുരക്ഷാ ക്രമീകരണങ്ങൾ എന്നീ മേഖലകളിൽ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്.
മക്ക, മദീന, അസീർ, കിഴക്കൻ പ്രവിശ്യ, ഖസീം മേഖലകളിലായി 900 കിലോമീറ്ററിലധികം നീളമുള്ള 40 പുതിയ റോഡ് പദ്ധതികളാണ് അതോറിറ്റി ഉദ്ഘാടനം ചെയ്തത്. ഇത് നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം കുറക്കാനും സാമ്പത്തിക-വിനോദസഞ്ചാര-ലോജിസ്റ്റിക്സ് മേഖലകളെ പിന്തുണക്കാനും സഹായിക്കും. റോഡ് ശൃംഖലയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി മുപ്പത്തിരണ്ടായിരത്തിലധികം ഔദ്യോഗിക അനുമതിപത്രങ്ങളാണ് അതോറിറ്റി ഈ കാലയളവിൽ അനുവദിച്ചത്.
രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യ ആറ് മാസങ്ങളിൽ 37 ലക്ഷത്തിലധികം ട്രക്ക് യാത്രകളാണ് സൗദിയിലെ പ്രധാന റോഡുകൾ വഴി രേഖപ്പെടുത്തിയത്. തുറമുഖങ്ങൾ, അതിർത്തി കവാടങ്ങൾ, സാമ്പത്തിക കേന്ദ്രങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ റോഡ് ശൃംഖല വലിയ പങ്കുവഹിച്ചു. റോഡ് പരിപാലനവും നിരീക്ഷണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആധുനിക 'കൺട്രോൾ ആന്റ് റാപ്പിഡ് റെസ്‌പോൺസ് സെന്റർ' ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 'സ്മാർട്ട് കൺട്രോൾ സെന്റർ' എന്നിവ ഈ കാലയളവിൽ പ്രവർത്തനം ആരംഭിച്ചു. ഇത് അടിയന്തര ഘട്ടങ്ങളിൽ അതിവേഗം പ്രതികരിക്കാനും റോഡ് സുരക്ഷ വർധിപ്പിക്കാനും സഹായിക്കുന്നു.
Adjust Story Font
16

