സൗദിയിൽ എല്ലാ വർഷവും മാർച്ച് 11ന് പതാക ദിനമായി ആചരിക്കാൻ നിർദേശം
സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജകീയ ഉത്തരവിലൂടെയാണ് നിർദേശം നൽകിയിത്

സമാധാനത്തിന്റെയും ഇസ്‍ലാമിന്റെയും സന്ദേശം അടിസ്ഥാനമാക്കിയാണ് രാഷ്ട്രം സ്ഥാപിക്കപ്പെട്ടത്
റിയാദ്: സൗദിയിൽ എല്ലാ വർഷവും മാർച്ച് 11ന് പതാക ദിനമായി ആചരിക്കാൻ നിർദേശം. സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജകീയ ഉത്തരവിലൂടെയാണ് നിർദേശം നൽകിയിത്. അബ്ദുൽ അസീസ് രാജാവ്, സൗദി പതാകക്ക് അംഗീകാരം നൽകിയ ദിവസമെന്ന നിലക്കാണ് മാർച്ച് 11 ഇതിനായി തെരഞ്ഞെടുത്തത്.
1937 മാർച്ച് 11ന് (1335 ദുല്‍ഹജ്ജ് 27 നാണ്) അബ്ദുൽ അസീസ് രാജാവ് സൗദി പതാകക്ക് അംഗീകാരം നൽകിയത്. ഇക്കാരണത്താലാണ് എല്ലാ വർഷവും മാർച്ച് 11ന് പതാക ദിനമായി ആചരിക്കുവാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടത്. ഹിജ്‌റ 1139ൽ സൗദി സ്ഥാപിതമായതു മുതൽ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇങ്ങിനെയൊരു ദിവസം സമർപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. സമാധാനത്തിന്റെയും ഇസ്‍ലാമിന്റെയും സന്ദേശം അടിസ്ഥാനമാക്കിയാണ് രാഷ്ട്രം സ്ഥാപിക്കപ്പെട്ടത്.
ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അർത്ഥങ്ങളുടെ പ്രതീകമാണ് രാജ്യത്തിന്റെ പതാക. മൂന്നു നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്താനുള്ള എല്ലാ നീക്കങ്ങള്‍ക്കും സൗദി പതാക സാക്ഷ്യം വഹിച്ചു. രാജ്യത്തെ പൗരന്മാര്‍ അഭിമാനമായി ഉയർത്തിപ്പിടിക്കുന്ന ഈ പതാക രാഷ്ട്രത്തിന്റെയും അതിന്റെ ശക്തിയുടെയും പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമാണെന്ന് രാജ വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നു.
Adjust Story Font
16

