Quantcast

ചരിത്രത്തിൽ ആദ്യം; ഫലസ്തീനിലേക്ക് അംബാസിഡറെ നിയമിച്ച് സൗദി അറേബ്യ

സംഘർഷ സാധ്യതയും, ഇസ്രയേലുമായുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നതിനാൽ ഫലസ്തീന് പകരം ജോർദാൻ കേന്ദ്രീകരിച്ചാകും എംബസിയുടെ പ്രവർത്തനം.

MediaOne Logo

Web Desk

  • Published:

    13 Aug 2023 11:27 PM IST

ചരിത്രത്തിൽ ആദ്യം; ഫലസ്തീനിലേക്ക് അംബാസിഡറെ നിയമിച്ച് സൗദി അറേബ്യ
X

റിയാദ്: ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യ ഫലസ്തീനിലേക്ക് അംബാസിഡറെ നിയമിച്ചു. ജോർദാനിലെ നിലവിലെ അംബാസഡറായ നായിഫ് അൽ സുദൈരിയാണ് സൗദിയുടെ ഫലസ്തീൻ അംബാസിഡറായും ജറുസലേമിലെ കോൺസുൽ ജനറലായും പ്രവർത്തിക്കുക. സംഘർഷ സാധ്യതയും, ഇസ്രയേലുമായുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നതിനാൽ ഫലസ്തീന് പകരം ജോർദാൻ കേന്ദ്രീകരിച്ചാകും എംബസിയുടെ പ്രവർത്തനം.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കസിനാണ് ഫലസ്തീനിലേക്കുള്ള പുതിയ അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട നയീഫ് അൽ സുദൈരി. നിലവിൽ ജോർദാൻ അംബാസിഡറായ ഇദ്ദേഹം ചുമതല ഏറ്റെടുത്തു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നയതന്ത്ര ഉപദേഷ്ടാവ് മജ്ദി അൽ ഖാലിദിക്ക് ശനിയാഴ്ച ഇദ്ദേഹം യോഗ്യതാപത്രം കൈമാറി.

സൗദി- ഫലസ്തീൻ ബന്ധത്തിലെ സുപ്രധാന നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ നിർണായകമായ സഹകരണങ്ങൾക്ക് നീക്കം കാരണമാകുമെന്ന് നിയുക്ത അംബാസിഡർ പറഞ്ഞു. നയതന്ത്ര പ്രശ്നങ്ങളുള്ള ജെറുസലേമിൽ സൗദിക്ക് നേരിട്ട് ഓഫീസ് സ്ഥാപിക്കുന്നതിന് പരിമിതികളുണ്ട്. ഇതിനാൽ ജോർദാനിലാകും ഫലസ്തീനിലേക്കുള്ള സൗദിയുടെ അംബാസിഡർ താമസിക്കുക.

ഫലസ്തീനു വേണ്ടിയുള്ള സൗദിയുടെ നയതന്ത്ര കാര്യങ്ങൾ പരമ്പരാഗതമായി കൈകാര്യം ചെയ്യുന്നത് ജോർദാൻ തലസ്ഥാനമായി അമ്മാനിലെ സൗദി അറേബ്യയുടെ എംബസിയാണ്. എന്നാൽ നേരിട്ട് അംബാസിഡറെ നിയമിക്കുന്നത് ഇതാദ്യമാണ്. ഫലസ്തീന് റിയാദിൽ എംബസിയുണ്ട്. വെസ്റ്റ് ബാങ്ക് ഉൾപ്പെടെ ഇസ്രയേൽ അധിനിവേശ മേഖലകളുൾപ്പെടുന്ന ഫലസ്തീനെ സൗദി സ്വീകരിക്കുന്നതിന്റ സന്ദേശമാണിതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫലസ്തീൻ സ്റ്റഡീസിലെ ചരിത്രകാരൻ തലാൽ ഒകൽ പറഞ്ഞു.


TAGS :

Next Story