ഹജ്ജ്, ഉംറ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്

റിയാദ്: കഴിഞ്ഞ വർഷം സൗദിയിലെത്തിയ ഹജ്ജ്, ഉംറ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒരു കോടി എൺപത്തിയഞ്ച് ലക്ഷം വിദേശ തീർഥാടകരാണ് രാജ്യത്തെത്തിയത്. ഇത് 2022-നെ അപേക്ഷിച്ച് 101% വർധനവാണ് കാണിക്കുന്നത്. ഇതിൽ ഒന്നേമുക്കാൽ കോടിയിലധികം തീർത്ഥാടകരും ഉംറ നിർവഹിക്കാനായി എത്തിയവരാണ്.
അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ മക്ക അഞ്ചാം സ്ഥാനത്തും, ടൂറിസം പ്രകടന സൂചികയിൽ മദീന ഏഴാം സ്ഥാനത്തും എത്തിയിട്ടുണ്ട്. മദീനയിലെ റൗള ശരീഫിൽ കഴിഞ്ഞ വർഷം ഒരു കോടി മുപ്പത് ലക്ഷം തീർഥാടകരാണ് സന്ദർശനം നടത്തിയത്.
തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളിലും സൗകര്യങ്ങളിലും സൗദി അറേബ്യ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. ഇത് തീർത്ഥാടകരുടെ സംതൃപ്തി 81% ആയി ഉയർത്താൻ സഹായിച്ചു. നുസുക് ആപ്പ്, ത്വരീഖ് മക്ക തുടങ്ങിയ പദ്ധതികൾ സന്ദർശകരുടെ അനുഭവം മികച്ചതാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഈ പദ്ധതികളിലൂടെ തീർഥാടകർക്ക് തടസ്സരഹിതമായ യാത്രാനുഭവവും മികച്ച സേവനങ്ങളും ഉറപ്പാക്കാൻ സാധിച്ചു.
തീർഥാടകർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 89 പുതിയ സംരംഭങ്ങളാണ് ആരംഭിച്ചത്. 40-ൽ അധികം സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഈ പദ്ധതികൾ നടപ്പിലാക്കിയത്. കൂടാതെ, ഇരു ഹറമുകളിലുമായി ഒന്നര ലക്ഷത്തോളം സന്നദ്ധപ്രവർത്തകർ തീർത്ഥാടകരുടെ സേവനത്തിനായി രാപ്പകൽ പ്രവർത്തിച്ചു.
Adjust Story Font
16

