സൗദിയിൽ നികുതി പിഴ ഇളവ് ആറു മാസത്തേക്ക് കൂടി നീട്ടി
കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ പദ്ധതി രാജ്യത്തെ സംരംഭകർക്കും നികുതിദായകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്

സൗദി അറേബ്യയിൽ നികുതി വെട്ടിപ്പല്ലാത്ത വിവിധ നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒഴിവാക്കാനും ഇളവുകൾ നൽകാനുമായി നടപ്പിലാക്കിയ പദ്ധതിയുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. പുതിയ തീരുമാനപ്രകാരം 2026 ജൂൺ 30 വരെ നികുതിദായകർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് കാലാവധി നീട്ടിയ വിവരം അറിയിച്ചത്. പദ്ധതിയുടെ കാലാവധി ദീർഘിപ്പിക്കുന്നതിന് ധനകാര്യ പ്രത്യേക അനുമതി നൽകി. കഴിഞ്ഞ വർഷം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ പദ്ധതി രാജ്യത്തെ സംരംഭകർക്കും നികുതിദായകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
രജിസ്‌ട്രേഷൻ വൈകൽ, വൈകിയുള്ള പെയ്‌മെന്റുകൾ, നികുതി റിട്ടേൺ സമർപ്പിക്കുന്നതിലെ താമസം തുടങ്ങിയവയ്ക്കുള്ള പിഴകൾക്കാണ് പ്രധാനമായും ഇളവ് ലഭിക്കുക. കൂടാതെ, വാറ്റ് റിട്ടേണുകൾ തിരുത്തുന്നതുമായി ബന്ധപ്പെട്ട പിഴകൾ, ഫീൽഡ് ലംഘനങ്ങൾ എന്നിവയും പദ്ധതിയുടെ പരിധിയിൽ വരും. രാജ്യത്തെ ബിസിനസ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് അതോറിറ്റിയുടെ ഈ നടപടി.
Adjust Story Font
16

