സൗദി ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന ആഗോള ആരോഗ്യമേള: ഗ്ലോബൽ ഹെൽത്ത് 2022ന് റിയാദിൽ തുടക്കം
30 രാജ്യങ്ങളിൽ നിന്നായി 250ലധികം കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്

സൗദി ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന ആഗോള ആരോഗ്യമേളക്ക് റിയാദിൽ തുടക്കമായി. ഗ്ലോബൽ ഹെൽത്ത് 2022 എന്ന മേള ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ-ജലാജിൽ ഉദ്ഘാടനം ചെയ്തു.
ആരോഗ്യമേഖലയുടെ പരിവർത്തനം എന്ന പേരിൽ സംഘടിപ്പിക്കുന്ന മേള മൂന്ന് ദിവസം നീണ്ട് നിൽക്കും. 30 രാജ്യങ്ങളിൽനിന്നായി 250ലധികം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും മെഷീനുകളും പ്രദർശിപ്പിക്കുന്നുണ്ട്.
ആരോഗ്യസ്ഥാപനങ്ങൾക്ക് ആവശ്യമായ സോഫ്റ്റ് വെയറുകളുകളും മറ്റ് ഐ.ടി ബിസിനസ്സ് സൊലൂഷനുകളും പരിചയപ്പെടാനും വാങ്ങുന്നതിനും ഇവിടെ അവസരമുണ്ടാകും. ജനസംഖ്യയുടെ ആഗോള ശരാശരി അനുസരിച്ച് 2030 ആകുമ്പോഴേക്കും 20,000 ആശുപത്രി കിടക്കകൾ കൂടി സൌദിയിൽ ആവശ്യമായി വരുമെന്നാണ് കണക്ക്. സൗദി ആരോഗ്യരംഗത്ത് നിക്ഷേപ സാധ്യത തിരിച്ചറിഞ്ഞ വിദേശ കമ്പനികളും പ്രതിനിധികളും ഏറെ താൽപര്യത്തോടെയാണ് മേളയിൽ പങ്കെടുക്കുന്നത്.
നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് ഈ മേഖലയിലെ വിദഗ്ദ്ധരെ കണ്ടെത്താനും അവരുമായി ആശയവിനിമയം നടത്താനും മേളയിൽ അവസരം ലഭിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയും ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയുമാണ് സന്ദർശകർക്ക് പ്രവേശനാനുമതി. റിയാദ് നഗരത്തിലെ എക്സിറ്റ് ടെന്നിന് അടുത്തുള്ള റിയാദ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെൻ്ററിലാണ് ആരോഗ്യമേള.
Adjust Story Font
16

