ഖനന മേഖലയിൽ 29 പുതിയ ലൈസൻസുകൾ അനുവദിച്ച് സൗദി അറേബ്യ
കൂടുതലും നിർമാണ സാമഗ്രികൾക്കായുള്ള ക്വാറികൾക്ക്

റിയാദ്: രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഈ വർഷം ജനുവരിയിൽ മാത്രം 29 പുതിയ ഖനന ലൈസൻസുകൾ സൗദി അറേബ്യ അനുവദിച്ചു. വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇതിൽ 21 എണ്ണം നിർമാണ സാമഗ്രികൾക്കായുള്ള ക്വാറികൾക്കും, 7 എണ്ണം പര്യവേക്ഷണ പ്രവർത്തനങ്ങൾക്കും , ഒന്ന് ചെറുകിട ഖനനത്തിനുമായാണ് നൽകിയിരിക്കുന്നത്. ഖനന മേഖലയെ ദേശീയ സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന തൂണാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് മന്ത്രാലയ വക്താവ് ജറഹ് അൽ ജറഹ് വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് ആകെ 2,934 ഖനന ലൈസൻസുകളാണ് പ്രാബല്യത്തിലുള്ളത്. ഇതിൽ നിർമാണ മേഖലയുമായി ബന്ധപ്പെട്ട ക്വാറികൾക്കാണ് മുൻതൂക്കം. രാജ്യത്തെ നിയമങ്ങൾ പ്രകാരം വിവിധ തരം ധാതുക്കൾക്കും ആവശ്യങ്ങൾക്കുമായി ആറ് വിഭാഗങ്ങളിലായാണ് ലൈസൻസുകൾ നൽകുന്നത്. ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപകരെ ആകർഷിക്കാനും ഖനന മേഖലയിലെ ഉൽപ്പാദനം വർധിപ്പിക്കാനും മന്ത്രാലയം പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു വരികയാണ്. ഇത് വരും വർഷങ്ങളിൽ സൗദിയുടെ തൊഴിൽ മേഖലയിലും വ്യവസായ രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

