'ഹൂതികൾക്കുള്ള ആയുധക്കടത്ത് തടയണം': യുഎൻ രക്ഷാസമിതി പ്രമേയത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
റിയാദിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കൗൺസിലിന്റെ നിലപാടിനെ രാജ്യം പിന്തുണച്ചത്

റിയാദ്: യമനിലെ ഹൂതികൾക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും ലഭിക്കുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ ശക്തമായ നടപടി വേണമെന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ ആഹ്വാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. റിയാദിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കൗൺസിലിന്റെ നിർണായക നിലപാടിനെ രാജ്യം പിന്തുണച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
സൗദിയിലെ ജനവാസ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ നിലയങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ യുഎൻ രക്ഷാസമിതി ശക്തമായി അപലപിച്ചതായി യോഗതീരുമാനങ്ങൾ വിശദീകരിച്ച വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി അറിയിച്ചു. ഇതിനുപുറമെ ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും ചരക്കുകപ്പലുകൾക്ക് നേരെ ഉയരുന്ന ഭീഷണിയും രക്ഷാസമിതി എടുത്തുപറഞ്ഞിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് യുഎൻ പ്രമേയം 2216 കർശനമായി നടപ്പാക്കണമെന്നാണ് സൗദിയുടെ നിലപാട്.
മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന സംഘർഷങ്ങൾ ആഗോള വിപണിയെയും ബാധിക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. സമുദ്ര ഗതാഗതം, ചരക്കുനീക്കം, ആഗോള ഊർജ സുരക്ഷ എന്നിവ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകേണ്ടത് ലോകരാജ്യങ്ങളുടെ പൊതുവായ ഉത്തരവാദിത്തമാണ്. ഇത്തരം സാമ്പത്തിക ആഘാതങ്ങൾ ഒഴിവാക്കാൻ സൗഹൃദ രാജ്യങ്ങളുമായി ചർച്ചകൾ തുടരുമെന്നും സമിതി വ്യക്തമാക്കി. സുരക്ഷാ കാര്യങ്ങൾക്കൊപ്പം ഡിജിറ്റൽ രംഗത്തെ സുപ്രധാന ചുവടുവെപ്പുകളും യോഗം ചർച്ച ചെയ്തു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ (ഒഐസി) സൈബർ സുരക്ഷാ മന്ത്രിതല കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചതിനെയും അതിന്റെ ആസ്ഥാനമായി റിയാദിനെ തെരഞ്ഞെടുത്തതിനെയും മന്ത്രിസഭ പ്രശംസിച്ചു. ഡിജിറ്റൽ മേഖല സുരക്ഷിതമാക്കാൻ രാജ്യം നടത്തുന്ന സജീവ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് ഈ തീരുമാനം കാണുന്നത്. രാജ്യത്തെ സാമ്പത്തിക വളർച്ചയും പുതിയ നിയമനിർമാണങ്ങളും യോഗം വിശദമായി വിലയിരുത്തി. വിദേശ നിക്ഷേപത്തിൽ രേഖപ്പെടുത്തിയ 33.5 ശതമാനം വളർച്ച 'വിഷൻ 2030' നയങ്ങളുടെ വിജയമാണെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി. പേറ്റന്റ് നിയമങ്ങൾ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, വിദേശത്തുള്ള ജീവനക്കാരുടെ ആശ്രിതർക്കുള്ള ഉന്നത വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങി ജനക്ഷേമകരമായ ഒട്ടേറെ പുതിയ പദ്ധതികൾക്കും സൗദി മന്ത്രിസഭ അംഗീകാരം നൽകി.
Adjust Story Font
16

