സൗദിയിൽ വാഹനങ്ങൾക്ക് പുതിയ നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി
രാജ്യത്തിന്‍റെ പ്രശസ്തമായ അഞ്ച് ലോഗോകൾ ഉൾപ്പെടുത്തിയാണ് പുതിയ നമ്പർ പ്ലേറ്റുകൾ ഇറക്കിയിരിക്കുന്നത്

സൗദിയിൽ വാഹനങ്ങൾക്ക് പുതിയ നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി. രാജ്യത്തിന്‍റെ പ്രശസ്തമായ അഞ്ച് ലോഗോകൾ ഉൾപ്പെടുത്തിയാണ് പുതിയ നമ്പർ പ്ലേറ്റുകൾ ഇറക്കിയിരിക്കുന്നത്. എണ്ണൂറ് റിയാൽ ഫീ അടച്ചാൽ പുതിയ നമ്പർ പ്ലേറ്റുകൾ ലഭിക്കുന്നതാണെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
രാജ്യത്തിന്‍റെ പ്രശസ്തമായ അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യത്യസ്തമായ അഞ്ച് ലോഗോ ഉൾപ്പെടുന്നതാണ് സൗദി ട്രാഫിക് വിഭാഗം പുറത്തിറക്കിയ വാഹനങ്ങൾക്കുള്ള പുതിയ നമ്പർ പ്ലേറ്റുകൾ. 'സൗദി വിഷൻ', 'മദായിൻ സാലിഹ്', 'ദിരിയ' എന്നിവക്ക് പുറമെ രണ്ട് വാളുകളും ഈന്തപ്പനയും ഉൾപ്പെടുത്തികൊണ്ടുള്ള ലോഗോ കളറിലും കറുപ്പിലും ലഭ്യമാണ്. പുതിയ ലോഗോ ഉൾപ്പെടുത്തിയുള്ള നമ്പർ പ്ലേറ്റുകൾ തിങ്കളാഴ്ച മുതൽ വിതരണം ചെയ്ത് തുടങ്ങിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
800 റിയാലാണ് പുതിയ നമ്പർ പ്ലേറ്റുകൾക്കുള്ള ഫീ. ട്രാഫിക് അക്കൗണ്ടിൽ ഫീ അടച്ചശേഷം ആഭ്യന്തര മന്ത്രാലയത്തിന്‍റെ 'അബ്ഷീർ' പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച്, സേവന എന്ന ടാബിൽ നിന്ന് 'ട്രാഫിക്' എന്ന് തെരഞ്ഞെടുക്കേണ്ടതാണ്. തുടർന്ന് 'കോൺടാക്റ്റ്' എന്നതിൽ നിന്നും 'ലോഗോ അടങ്ങിയ നമ്പർ പ്ലേറ്റ് അഭ്യർത്ഥിക്കുക' എന്നത് തെരഞ്ഞെടുത്താണ് പുതിയ നമ്പർ പ്ലേറ്റുകൾക്ക് അപേക്ഷിക്കേണ്ടത്. വാഹനത്തിന്‍റെ മാറ്റി സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന നമ്പർ പ്ലേറ്റിലെ വിവരങ്ങൾ, ആവശ്യമായ ലോഗോ എന്നിവ അപേക്ഷയോടൊപ്പം വ്യക്തമാക്കണം. കൂടാതെ കാശ് അടച്ച രസീതിയുടെ ഒരു പകർപ്പ് 'അബ്ഷീർ' പ്ലാറ്റ്‌ഫോമിൽ അറ്റാച്ച് ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.
Adjust Story Font
16
