ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിക്കൽ തുടരുന്നു: മുൻതസഹാത്തിൽ അറിയിപ്പ് നൽകി തുടങ്ങി
നഗര വികസനത്തിൻ്റെ ഭാഗമായി ജിദ്ദയിൽ നടപ്പിലാക്കി വരുന്ന ചേരി പൊളിച്ച് നീക്കൽ പദ്ധതി മുൻതസഹാത് ഡിസ്ട്രിക്റ്റിലും ഉടൻ ആരംഭിക്കും

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ മുൻതസഹാതിലെ താമസക്കാർക്ക് കെട്ടിടങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി തുടങ്ങി. നഗരത്തിലെ ചേരിപ്രദേശങ്ങൾ പൊളിച്ചുനീക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. ഇതുവരെ 28 ഓളം ചേരി പ്രദേശങ്ങളുടെ പൊളിച്ച് നീക്കൽ ജോലികൾ പൂർത്തിയായിട്ടുണ്ട്.
നഗര വികസനത്തിൻ്റെ ഭാഗമായി ജിദ്ദയിൽ നടപ്പിലാക്കി വരുന്ന ചേരി പൊളിച്ച് നീക്കൽ പദ്ധതി മുൻതസഹാത് ഡിസ്ട്രിക്റ്റിലും ഉടൻ ആരംഭിക്കും. ഇതിൻ്റെ ഭാഗമായി പ്രദേശത്തെ താമസക്കാർക്ക് അധികൃതർ അറിയിപ്പ് നൽകി തുടങ്ങി. മുൻതസഹാത്, ഖുവൈസ, അദ്ൽ, ഫദ്ൽ, ഉമ്മുസലം, കിലോ 14 നോർത്ത് എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ് നീക്കം ചെയ്യുവാനുള്ളത്. ഇവിടത്തെ കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുമ്പായി ഈ പ്രദേശത്തേക്കുള്ള വിവിധ സേവനങ്ങൾ നിർത്തലാക്കും. അത് സംബന്ധിച്ച് ജനങ്ങൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകുമെന്നും ഇതിനായുള്ള പ്രത്യേക സമിതി അറിയിച്ചു.
ജിദ്ദയുടെ വിവിധ ഭാഗങ്ങളിലായി 28 ചേരി പ്രദേശങ്ങളിലെ പൊളിച്ച് നീക്കൽ ജോലികൾ പൂർത്തിയായിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം 32 ഡിസ്ട്രിക്റ്റുകളിലാണ് ചേരികൾ നീക്കം ചെയ്യുന്നത്. ഇത് സമയബന്ധിതമായി തീർക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. ബനി മാലിക്, വുറൂദ്, മുശ്രിഫ, ജാമിഅ, റവാബി, അസീസിയ, റിഹാബ്, റബ്‌വ എന്നീ എട്ട് പ്രദേശങ്ങളിൽ ഇപ്പോൾ പൊളിച്ച് നീക്കൽ ജോലികൾ നടന്നുവരികയാണെന്നും പ്രത്യേക സമിതി അറിയിച്ചു. അടുത്ത വർഷം ആദ്യത്തോടെ പൊളിച്ച് നീക്കൽ പൂർത്തീകരിക്കുംവിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
Adjust Story Font
16

