സൗദിയിൽ ദേശീയപതാകയെ അവഹേളിക്കുന്നവർക്ക് ഒരു വർഷം വരെ തടവ്
ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.

സൗദിയിൽ ദേശീയപതാകയെ അവഹേളിക്കുന്നത് ശിക്ഷാർഹമാണെന്ന് ഓർമ്മിപ്പിച്ച് അധികൃതർ. ഒരു വർഷം വരെ തടവും പിഴയുമാണ് പതാകയെ അവഹേളിക്കുന്നവർക്കുള്ള ശിക്ഷ. ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
ദേശീയ പതാക ഉപയോഗിക്കുമ്പോൾ നിയന്ത്രണങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു. പഴയതോ നിറം മങ്ങിയതോ മോശം അവസ്ഥയിലുള്ളതോ ആയ പതാക എവിടെയും ഉപയോഗിക്കാൻ പാടില്ല. വ്യാപാരമുദ്രയായോ വാണിജ്യ പരസ്യത്തിനോ പതാക ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. കൂടാതെ ദേശീയ പതാക ഉപയോഗിച്ച് ഏതെങ്കിലും വസ്തുക്കൾ കെട്ടുകയോ കൊണ്ടു പോകുകയോ ചെയ്യരുത്.
മൃഗങ്ങളുടെ ശരിരത്തിൽ സ്ഥാപിക്കുവാനോ പ്രിൻ്റ് ചെയ്യാനോ പാടില്ല. പതാകയെ അവഹേളിക്കുന്നതോ കേടുവരുത്തുന്നതോ ആയ ഉപയോഗങ്ങളും, ഉപയോഗത്തിന് ശേഷം വലിച്ചെറിയാൻ സാധ്യതയുള്ള വസ്തുക്കളിൽ പ്രിൻ്റ് ചെയ്യുന്നതും കുറ്റകരമാണ്. പതാക കേട് വരുത്താനോ വൃത്തിക്കെട്ട സ്ഥലങ്ങളിൽ സൂക്ഷിക്കാനോ പാടില്ല. കൂടാതെ അതിൽ വാചകങ്ങളോ മുദ്രാവാക്യങ്ങളോ ഡ്രോയിംഗുകളോ കൂട്ടിച്ചേർക്കരുത്. പതാക നിലത്തിടുന്നതും, നിന്ദിക്കുന്നതും അപമാനിക്കുന്നതും ദേശീയ പതാക നിയമപ്രകാരം കുറ്റകരമാണെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Adjust Story Font
16

