പാകിസ്താനുള്ള സൗദിയുടെ ധനസഹായം ഉടന്‍ കൈമാറും
സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്താന് താൽക്കാലിക പരിഹാരമാകും തീരുമാനം

സൗദി അറേബ്യ പാകിസ്താന് വാഗ്ദാനം ചെയ്ത 22,000 കോടി രൂപ മൂല്യമുള്ള ധനസഹായം ഉടൻ കൈമാറും. സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന്‍റെ അഭ്യർഥന പ്രകാരമാണിത്. ക്രൂഡ് ഓയിൽ വാങ്ങിയ ഇനത്തിൽ പാകിസ്താൻ സൗദിക്ക് നൽകാനുള്ള തുക തിരിച്ചടക്കാനും ഒരു വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൗദി ഭരണാധികാരികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു ധനസഹായ പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് രണ്ട് രീതിയിലുളള സാമ്പത്തിക പിന്തുണ. പാകിസ്താന്‍റെ കേന്ദ്ര ബാങ്കിലേക്ക് മൂന്ന് ബില്യൺ ഡോളറാണ് കൈമാറുക. സൗദി റോയൽ കോടതി പണം നൽകാൻ അന്തിമ അംഗീകാരം നൽകിയിട്ടുണ്ട്. സൗദിയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത വകയിൽ 1.2 ബില്യൺ ഡോളർ കുടിശികയുണ്ട്. ഇത് തിരിച്ചടക്കാൻ ഒരു വർഷം കൂടി പാകിസ്താന് സമയം നീട്ടിയും നൽകി.
സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്താന് താൽക്കാലിക പരിഹാരമാകും തീരുമാനം. നേരത്തെയും സമാന രീതിയിൽ സൗദി പാകിസ്താന് ഇതേ തുക സഹായം നൽകിയിരുന്നു. എന്നാൽ പാക് വിദേശകാര്യ മന്ത്രി സൗദിക്കെതിരെ കശ്മീർ വിഷയത്തിൽ മോശമായി പ്രതികരിച്ചു. കശ്മീർ വിഷയത്തിൽ സൗദി ഇസ്ലാമിക രാജ്യങ്ങളുടെ യോഗം വിളിച്ചില്ലെങ്കിൽ പാകിസ്താൻ വിളിക്കുമെന്നായിരുന്നു പ്രസ്താവന. അന്ന് നൽകിയ ധനസഹായം തിരിച്ചടക്കാനുള്ള കാലാവധി കഴിഞ്ഞ സമയത്തായിരുന്നു ഇത്. വിവാദ പ്രസ്താവനയോടെ പാകിസ്താൻ പണം തിരിച്ചടക്കേണ്ടി വന്നിരുന്നു. ഇമ്രാൻഖാൻ വീണ്ടും സൽമാൻ രാജാവിനേയും സൗദി കിരീടാവകാശിയേയും നേരിട്ടു കണ്ടതോടെയാണ് ബന്ധം വീണ്ടും ഊഷ്മളമായത്.
Adjust Story Font
16

