ബുധനാഴ്ച വരെ മിന്നലോട് കൂടിയ മഴ; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ്
സുരക്ഷിത സ്ഥലങ്ങളിൽ കഴിയണം, ഒഴുകിയെത്തുന്ന വെള്ളത്തിൽ നീന്താനോ ഇറങ്ങാനോ പാടില്ല

റിയാദ്: സൗദി അറേബ്യയിലെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ മിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ജനം ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നിർദേശിച്ചു. സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്നും താഴ്‌വരകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഒഴുകിയെത്തുന്ന വെള്ളത്തിൽ നീന്താനോ ഇറങ്ങാനോ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
നാഷനൽ സെന്‍റർ ഫോർ മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് മക്ക മേഖലയിലെ തായിഫ്, അദം, മൈസാൻ, അൽ അർദിയാത്ത് എന്നിവിടങ്ങളിൽ നല്ല മഴ ലഭിച്ചേക്കും. പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴവർഷം, മണൽക്കാറ്റ് എന്നിവക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക നഗരം, അൽ കാമിൽ, അൽ ജുമൂം, അൽ ഖുൻഫുദ, അൽ ലൈത്ത് എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും.ജിസാൻ, അസീർ, അൽ ബാഹ മേഖലകളിൽ ശക്തമായ മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇവിടങ്ങളിലും മിന്നൽപ്രളയം, ആലിപ്പഴവർഷം, പൊടിക്കാറ്റ് എന്നിവയുണ്ടായേക്കും. അതേസമയം മദീന, ഹാഇൽ, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, തബൂക്ക്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും സിവിൽ ഡിഫൻസ് വീണ്ടും അഭ്യർഥിച്ചു.
Adjust Story Font
16

