ഉംറ നിർവഹിക്കാനെത്തുന്നവർ നുസുക ആപ്പ് ഉപയോഗിക്കണമെന്ന് സൗദി
ഉംറ തീർഥാടകർക്കും സന്ദർശകർക്കും പെർമിറ്റുകൾ അനുവദിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഇഅ്തമർനാ ആപ്പ് പരിഷ്‌കരിച്ചാണ് നുസുക് എന്ന പുതിയ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.

റിയാദ്: ഉംറ നിർവഹിക്കാനെത്തുന്നവർ നുസുക് ആപ്പ് ഉപയോഗിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഉംറ പെർമിറ്റുകൾ നൽകുന്നതിനായി അനുവദിച്ചിരുന്ന ഇഅ്തമർനാ ആപ്പിന് പകരമായാണ് നുസുക് ആപ്പ് അവതരിപ്പിച്ചത്. ഏത് രാജ്യത്ത് നിന്നും നുസുക് ആപ്പ് വഴി ഉംറ പാക്കേജുകൾ വാങ്ങാനും വിസ നടപടികൾ പൂർത്തീകരിക്കുവാനും സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഉംറ തീർഥാടകർക്കും സന്ദർശകർക്കും പെർമിറ്റുകൾ അനുവദിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഇഅ്തമർനാ ആപ്പ് പരിഷ്‌കരിച്ചാണ് നുസുക് എന്ന പുതിയ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇനി മുതൽ ഉംറ പെർമിറ്റുകൾ നേടാൻ നുസുക് എന്ന ആപ്പാണ് ഉപയോഗിക്കേണ്ടതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീർഥാടകരും വിദേശ രാജ്യങ്ങളിൽനിന്ന് വരുന്ന തീർഥാടകരും നുസുക് ആപ്പ് വഴിയാണ് പെർമിറ്റുൾപ്പെടെയുള്ള സേവനങ്ങൾ തേടേണ്ടത്. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഉംറ തീർഥാടകരുടെ വിസാ, യാത്രാ നടപടിക്രമങ്ങൾ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത ഏകീകൃത ഗവൺമെന്റ് പ്ലാറ്റ്ഫോം ആണിത്. സൗദിയിലേക്കുള്ള പ്രവേശന വിസ, ഉംറയും മദീന സന്ദർശനവും നടത്തുന്നവർക്ക് ആവശ്യമായ പെർമിറ്റുകൾ, സൗദിയിലെ ചരിത്ര, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള യാത്ര ബുക്കിംഗ്, ഉംറ, സിയാറത്ത് പാക്കേജ് ബുക്കിംഗ്, മുഴുസമയവും പ്രവർത്തിക്കുന്ന കോൾ സെന്റർ തുടങ്ങി നിരവധി സേവനങ്ങൾ നുസുക് പ്ലാറ്റ്ഫോം വഴി ലഭ്യമാണ്.
Adjust Story Font
16

