Quantcast

റിയാദിൽ വിമാന സർവിസുകൾ പുനഃസ്ഥാപിച്ചുതുടങ്ങി; ഇന്ത്യൻ കമ്പനികളുടെ തീരുമാനം ഇന്നുണ്ടായേക്കും

ഹൂതി ആക്രമണത്തിന്​ പിന്നാലെയാണ്​ സുരക്ഷ കണക്കിലെടുത്ത്​ സർവിസുകൾ നിർത്തിയത്​

MediaOne Logo

Gulf Desk

  • Published:

    9 Oct 2026 9:39 AM IST

റിയാദിൽ വിമാന സർവിസുകൾ പുനഃസ്ഥാപിച്ചുതുടങ്ങി; ഇന്ത്യൻ കമ്പനികളുടെ തീരുമാനം ഇന്നുണ്ടായേക്കും
X

റിയാദ്​/ന്യൂദൽഹി: യെമനിലെ വിമതരായ ഹൂതികളുടെ ആക്രമണത്തിന് പിന്നാലെ താളംതെറ്റിയ സൗദി അറേബ്യയിലെ റിയാദ്​ വിമാനത്താവളത്തിൽ സർവീസുകൾ പുനഃസ്ഥാപിച്ചു തുടങ്ങി. ആഭ്യന്തര സർവിസുകൾ ആരംഭിച്ചിട്ടുണ്ട്​. ഇന്ത്യൻ കമ്പനികളുടെ സർവിസുകൾ സംബന്ധിച്ച്​ ഇന്ന്​ തീരുമാനം ഉണ്ടായേക്കും. ഇൻഡിഗോ, എയർഇന്ത്യ, ആകാശഎയർ തുടങ്ങിയ കമ്പനികളാണ്​ സർവിസുകൾ താൽക്കാലികമായി നിർത്തിയത്. ഇൻഡിഗോ ഇന്ന് അർധരാത്രി വരെയും എയർഇന്ത്യയും ആകാശഎയറും നാളെ വരെയുമാണ് സർവീസുകൾ റദ്ദാക്കിയത്. ഇതിനിടെ യമനിൽ ഏറ്റുമുട്ടൽ രൂക്ഷമായി തന്നെ തുടരുകയാണ്.ഇന്നലെ റിയാദ് വിമാനത്താവളം ലക്ഷ്യം വെച്ച് ഹൂത്തികൾ ആക്രമണം നടത്തിയതോടെയാണ് വിമാന സർവീസുകൾ താളം തെറ്റിയത്. ആക്രമണത്തിൽ വിമാനം തകർത്തെന്നാണ് ഹൂതികളുടെ അവകാശവാദം. ഇതോടെ വിവിധ രാജ്യങ്ങൾ ആശങ്ക കണക്കിലെടുത്ത് സർവീസുകൾ റദ്ദാക്കി.

ആക്രമണം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ എംബസി പ്രവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. വിഡിയോകളോ ചിത്രങ്ങ​​​ളോ പകർത്തരുതെന്നും നിർദേശിച്ചിരുന്നു. അമേരിക്കൻ എംബസിയും തങ്ങളുടെ പൗരൻമാർക്ക്​ സുരക്ഷ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.കഴിഞ്ഞ ദിവസങ്ങളിൽ റിയാദ് അബഹ വിമാനത്താവളങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ വിദേശികൾ കൊല്ലപ്പെട്ടിരുന്നു. 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദിയിലെ എയർപോർട്ടുകൾ ലക്ഷ്യം വെച്ച്​ ആക്രമണം നടത്തുന്ന ഹൂത്തികളുടെ രീതിക്കെതിരെ വ്യാപകമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. സൗദി അറേബ്യക്ക് പിന്തുണ അറിയിച്ച്​ മക്കാ കരാറിന്‍റെ അടിസ്ഥാനത്തിൽ പാകിസ്ഥാനും തുർക്കിയും രംഗത്തുണ്ട്. സൗദിയിൽ നേരത്തെ തന്നെ 15,000-ത്തോളം പാക് സൈനികർ സേവനത്തിലുണ്ട്. ഇതിനുപുറമേ അധികമായി പുതിയ സൈനിക വിന്യാസം സൗദിയിലേക്ക് നടത്തുവാനാണ് പാകിസ്ഥാന്‍റെ ശ്രമം. തുർക്കിയും ആവശ്യമായ സൈനിക സഹായം സൗദിക്ക് ഉറപ്പാക്കും.

യെമനിൽ സഖ്യ സേനയും ഹൂത്തികളും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമാവുകയാണ്. തൈസ്, അൽജോഫ് മേഖലകളിലെ സൈനിക നീക്കത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഹൂത്തികളുടെ ശക്തി കേന്ദ്രങ്ങളിലാണ് ഇപ്പോൾ ഏറ്റുമുട്ടൽ.

Next Story