ഹുറൂബ് ഉള്ള തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റം അനുവദിക്കാനാവില്ലെന്ന് സൗദി അറേബ്യ
മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം ആവർത്തിച്ചത്

റിയാദ്: ഹുറൂബ് ഉള്ള തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റം അനുവദിക്കാനാവില്ലെന്ന് സൗദി അറേബ്യ. നിയമത്തിൽ നിലവിലുള്ള നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് സൗദി. വ്യക്തിഗത തൊഴിലുടമകൾക്കിടയിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് ഹുറൂബ് ഉള്ള തൊഴിലാളികൾക്ക് അവസരം ലഭിക്കില്ല. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുസാനിദ് പ്ലാറ്റ്ഫോമാണ് ഇക്കാര്യം ആവർത്തിച്ചത്. തൊഴിൽ സ്ഥലത്തു നിന്ന് ഒളിച്ചോടിയതായിട്ടുള്ള പരാതിയാണ് ഹുറൂബ് എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. സ്പോൺസർഷിപ്പിനായി നിലവിലെ തൊഴിലുടമയാണ് പ്ലാറ്റ്ഫോം വഴി അപേക്ഷിക്കേണ്ടത്. അതിന്റെ നടപടികൾ ഇപ്രകാരമാണ്. തൊഴിലാളി, പുതിയ തൊഴിലുടമ എന്നിവരുടെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തും. ഈ അപേക്ഷ തൊഴിലാളിക്കും നൽകും. സ്പോൺസർ ഷിപ്പ് മാറ്റത്തിനുള്ള തൊഴിലാളിയുടെ സമ്മതം ഇലക്ട്രോണിക് സംവിധാനത്തിലൂടെ രേഖപ്പെടുത്തണം. ഇതിന് ശേഷം അപേക്ഷ പുതിയ സ്പോൺസറിലേക്ക് നീങ്ങും, സമ്മതം രേഖപ്പെടുത്തി നടപടികൾക്കായുള്ള ഫീസ് അടച്ച് സ്‌പോൺസർഷിപ്പ് മാറ്റം പൂർത്തിയാക്കുകയാണ് അവസാന ഘട്ടം.
Adjust Story Font
16

