സൗദിയിൽ കർശന നിയന്ത്രണങ്ങളോടെ സ്‌കൂളുകൾ തുറക്കുന്നു
സ്കൂളുകളില്‍ മോണിങ് അസംബ്ലികളും സ്പോര്‍ട്സ് ആക്ടിവിറ്റികളും അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ശാരീരിക അകലം പാലിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രാലയം നിര്‍ദേശിച്ചു

പുതിയ അധ്യയന വര്‍ഷത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും സ്കൂളുകള്‍ തുറക്കാന്‍ അനുവദിക്കുകയെന്ന് സൗദി വിദ്യഭ്യാസ മന്ത്രാലയം. സ്കൂളുകളില്‍ മോണിങ് അസംബ്ലികളും സ്പോര്‍ട്സ് ആക്ടിവിറ്റികളും അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ശാരീരിക അകലം പാലിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രാലയം നിര്‍ദേശിച്ചു.
ഇതിനിടെ സ്കൂളുകളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് ഈ മാസം 22 മുതല്‍ ജോലിക്ക് ഹാജരാകാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. നീണ്ട ഇടവേളക്ക് ശേഷം സൗദിയിലെ സ്കൂളുകള്‍ ഈ മാസം അവസാനത്തോടെ തുറക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം. കോവിഡിന് ശേഷം ഓഫ് ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനാണ് മന്ത്രാലയം സ്കൂളുകള്‍ക്ക് അനുമതി നല്‍കിയത്.
ഇതിന്റെ മുന്നോടിയായി സ്കൂളുകളിലെ അധ്യാപകരോടും അധ്യാപകേതര ജീവനക്കാരോടും ഈ മാസം ഇരുപത്തി രണ്ട് മുതല്‍ ജോലിക്ക് ഹാജരാകുവാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. 29 മുതല്‍ മുതിര്‍ന്ന ക്ലാസുകളിലുള്ളവര്‍ക്ക് ഓഫ് ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്കാണ് ക്ലാസില്‍ ഹാജരാകുവാന്‍ അവസരമുണ്ടാകുക.
എന്നാല്‍ ഫിസിക്കല്‍ ക്ലാസുകള്‍ ആരംഭിച്ചാലും സ്കൂള്‍ ആക്ടിവിറ്റികള്‍ പൂര്‍ണമായി ആരംഭിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. പ്രഭാത അസംബ്ലി, സ്പോര്‍ട്സ് ആക്ടിവിറ്റികള്‍, സ്കൂള്‍ കാന്റീനുകളുടെ പ്രവര്‍ത്തനം എന്നിവക്കുള്ള നിയന്ത്രണം തുടരും. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രാലയം വിശദീകരിച്ചു.
Adjust Story Font
16

