എയർ ടാക്സികൾക്കായി കരാറൊപ്പിട്ട് സൗദി
റെഡ് സീയിലും ടൂറിസം കേന്ദ്രങ്ങളിലും സർവീസ്

റിയാദ്: വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ടാക്സികൾക്കായി കരാറൊപ്പിട്ട് സൗദി അറേബ്യ. അമേരിക്കൻ എയർക്രാഫ്റ്റ് കമ്പനിയായ ആർച്ചർ ഏവിയേഷനുമായാണ് ധാരണ. റെഡ് സീ പദ്ധതിയിലും സൗദിയിലെ ഇതര ടൂറിസം മേഖലയിലും എയർടാക്സികൾ സർവീസ് നടത്തും.
സൗദി പൊതു നിക്ഷേപ ഫണ്ടിന്റെ കീഴിലുള്ള ദി ഹെലികോപ്റ്റർ കമ്പനിയും, റെഡ് സീ ഗ്ലോബലും ചേർന്നാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി വൈദ്യുത എയർ ടാക്സി വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യും. എയർക്രാഫ്റ്റ് കമ്പനിയായ ആർച്ചർ ഏവിയേഷനായിരിക്കും നിർമാണ ചുമതല. റെഡ് സി ആയിരിക്കും പരീക്ഷണ പറക്കലിന് നേതൃത്വം നൽകുക. ഡ്രോൺ കണക്കെ നിന്ന നിൽപിൽ കുറഞ്ഞ സ്പേസിൽ നിന്നും ഉയർന്നു പറക്കാനാകുമെന്നതാണ് എയർ ടാക്സികളുടെ പ്രത്യേകത. സൗദിയിലെ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്ത് ഇതിന് പാകപ്പെടും വിധമാകും പരീക്ഷണവും നിർമാണവും. യാത്രക്കാരെ വഹിക്കാനുള്ള ശേഷിയും പരീക്ഷിക്കും.
ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ആർച്ചർ ഏവിയേഷൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ടാക്സികൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
Adjust Story Font
16

