സൗദിയെ ആഗോള ലോജിസ്റ്റിക് ഹബ്ബാക്കും; പദ്ധതിയുടെ മാസ്റ്റർപ്ലാൻ അവതരിപ്പിച്ചു
രാജ്യത്തുടനീളം 59 ലോജിസ്റ്റിക്സ് കേന്ദ്രങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

സൗദിയിൽ ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ വികസനത്തിനായുളള മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. രാജ്യത്തുടനീളം 59 ലോജിസ്റ്റിക്സ് കേന്ദ്രങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് മാസ്റ്റർ പ്ലാൻ.
കിരീടാവകാശിയും ലോജിസ്റ്റിക്‌സ് സുപ്രീം കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത്. രാജ്യത്തെ ലോജിസ്റ്റിക് മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. നിലവിലുളള ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ വിപുലീകരണവും ഇതിൽ ഉൾപ്പെടും.
അന്താരാഷ്ട്ര വ്യാപാര ശൃംഖലകളിലേക്കും ആഗോള വിതരണ മേഖലകളിലേക്കും പ്രാദേശികവും അന്തർദേശീയവുമായ കണക്റ്റിവിറ്റി വർധിപ്പിക്കുക, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, തൊഴിലവസര സാധ്യതകൾ വർധിപ്പിക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ സൌദിയുടെ സ്ഥാനം പ്രയോജനപ്പെടുത്തി ആഗോള വിപണികളുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമെന്ന സ്ഥാനത്തേക്ക് സൌദിയെ ഉയർത്തും.
റിയാദ്, മക്ക മേഖലകളിൽ 12 വീതം ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും, കിഴക്കൻ മേഖലയിൽ 17 ഉം, മറ്റു മേഖലകളിൽ 18 കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ 100 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള 59 കേന്ദ്രങ്ങളാണ് മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 21 കേന്ദ്രങ്ങളിൽ പ്രവർത്തന പദ്ധതികൾ നടന്ന് വരികയാണ്. 2030 ഓടെ എല്ലാ കേന്ദ്രങ്ങളും പ്രവർത്തനസജ്ജമാകും.
Adjust Story Font
16

