സന്ദർശക വിസകളിലെത്തുന്നവർക്ക് നേരത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് കർമങ്ങളുടെ മുന്നോടിയായാണ് പ്രവേശന വിലക്ക്

റിയാദ്: സന്ദർശക വിസകളിലെത്തുന്നവർക്ക് ഏപ്രിൽ 29 മുതൽ ജൂൺ 11 വരെ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ സൗദി അറേബ്യ. ഈ വർഷത്തെ ഹജ്ജ് കർമങ്ങളുടെ മുന്നോടിയായാണ് പ്രവേശന വിലക്ക്. ഇക്കാര്യം പുതുതായി സ്റ്റാമ്പ് ചെയ്യുന്ന വിസകളിൽ രേഖപ്പെടുത്തുന്നുണ്ട്. പുതിയ വിസകളിൽ സൗദിയിലേക്കെത്തുന്ന പലരും ഏപ്രിൽ 13നകം സൗദിയിൽ നിന്ന് മടങ്ങേണ്ടി വരും. തിരക്കും അനധികൃത ഹജ്ജും തടയാൻ എല്ലാ വർഷവും മക്കയിലേക്ക് സന്ദർശക വിസക്കാർക്കും പെർമിറ്റില്ലാത്തവർക്കും വിലക്കേർപ്പെടുത്താറുണ്ട്. ഈ വർഷം അത് നേരത്തെ നടപ്പാക്കുകയാണ് സൗദി അറേബ്യ. ഇന്ന് മുതൽ ഇഷ്യൂ ചെയ്ത പല വിസകളിലും സൗദിയിൽ നിന്ന് മടങ്ങേണ്ട കാലാവധി ചേർത്തിട്ടുണ്ട്. സാധാരണ വിസ സ്റ്റാമ്പ് ചെയ്യുമ്പോൾ സൗദിയിൽ തങ്ങാവുന്ന ദിനങ്ങളാണ് ചേർക്കാറുള്ളത്. 30, 90 ദിവസങ്ങൾ എന്നിങ്ങിനെയാണ് ചേർക്കാറുള്ളത്. എന്നാൽ ഇന്ന് സ്റ്റാമ്പ് ചെയ്ത വിസകളിൽ സൗദിയിൽ തങ്ങാവുന്ന ദിവസങ്ങളുടെ ഭാഗത്ത് മടങ്ങേണ്ട തിയതിയാണ് ചേർത്തിരിക്കുന്നത്. 2025 ഏപ്രിൽ 13നകം മടങ്ങണമെന്നാണ് വിസകളിലുള്ളത്. ഡുറേഷൻ ഓഫ് സ്റ്റേ എന്ന ഭാഗത്ത് ഇങ്ങിനെ തിയതിയുള്ളവർ ആ തിയതിക്ക് മുന്നേ തന്നെ മടങ്ങണം. ഈ ഭാഗത്ത് ദിവസങ്ങൾ ചേർത്ത് വിസ ലഭിച്ചവർക്ക് കാലാവധി തീരും വരെ സൗദിയിൽ തങ്ങാനും സാധ്യമെങ്കിൽ പുതുക്കാനും കഴിയും. വെക്കേഷൻ കണക്കാക്കി അവസാന നിമിഷം വിസയെടുത്തവരും നിലവിൽ കുടുംബത്തിനായി ടിക്കറ്റെടുത്തവരും ഇതോടെ വെട്ടിലായി. ഇതോടൊപ്പം വിസകളുടെ താഴ് ഭാഗത്ത് മക്കയിലേക്ക് പ്രവേശന വിലക്കുള്ള ദിവസങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ഏപ്രിൽ 29 മുതൽ ജനുവരി 11 വരെ മക്കയിലേക്ക് പ്രവേശിക്കാനോ തങ്ങാനോ സന്ദർശക വിസക്കാർക്ക് അനുമതിയുണ്ടാകില്ല. പിടിക്കപ്പെട്ടാൽ ജയിലിലടച്ച് നാടുകടത്തലാണ് ശിക്ഷ. വിസിറ്റ് വിസയിലെത്തിയ പലരും അവ ദുരുപയോഗം ചെയ്ത് മക്കയിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് നേരത്തെ വിലക്ക് നടപ്പാക്കുന്നത്. നിലവിൽ സൗദിയിലേക്ക് ഇന്ത്യക്കാരുൾപ്പെടെ പല രാജ്യക്കാർക്കും വിസകളിൽ നിയന്ത്രണമുണ്ട്. ഒരു മാസത്തേക്കുള്ള സിംഗിൾ എൻട്രി വിസകളാണ് ലഭിക്കുന്നത്. ഇന്ത്യക്കാർക്ക് വിസകൾ പൂർണമായും നിർത്തിയതായി നയതന്ത്ര കാര്യാലയങ്ങൾൿക വിവരം ലഭിച്ചിട്ടില്ല. അതിനർഥം, ഹജ്ജിന് ശേഷം അവ പുനസ്ഥാപിച്ചേക്കുമെന്നാണ്.
Adjust Story Font
16

