Quantcast

വികസനവും ക്ഷേമവും ലക്ഷ്യം; കിരീടാവകാശിയുടെ അധ്യക്ഷതയിൽ 2027ലെ സൗദി ബജറ്റിന് അംഗീകാരം

വിഷന്‍ 2030ന്‍റെ മൂന്നാം ഘട്ടത്തിനും പരിഗണന

MediaOne Logo

Gulf Desk

  • Published:

    24 Nov 2026 11:07 PM IST

വികസനവും ക്ഷേമവും ലക്ഷ്യം; കിരീടാവകാശിയുടെ അധ്യക്ഷതയിൽ 2027ലെ സൗദി ബജറ്റിന് അംഗീകാരം
X

റിയാദ്: 2027 സാമ്പത്തിക വർഷത്തേക്കുള്ള സൗദിയുടെ പൊതുബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. റിയാദിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ബജറ്റ് പ്രഖ്യാപിച്ചത്. പുതിയ ബജറ്റിൽ 1.201 ട്രില്യൺ സൗദി റിയാൽ ആകെ വരുമാനമായി പ്രതീക്ഷിക്കുന്നു. അതേസമയം 1.392 ട്രില്യൺ റിയാലാണ് ആകെ ചെലവായി കണക്കാക്കിയിരിക്കുന്നത്. 190.56 ബില്യൺ റിയാലിന്റെ ബജറ്റ് കമ്മിയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച വികസന, സാമൂഹിക ക്ഷേമ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കിരീടാവകാശി നിർദേശിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാ ദേശീയ വിഭവങ്ങളും ഫലപ്രദമായി വിനിയോഗിക്കണമെന്നും പൗരന്മാരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു.

2026-ൽ സൗദി സമ്പദ്‌വ്യവസ്ഥ കൈവരിച്ച കരുത്തും സ്ഥിരതയും കിരീടാവകാശി യോഗത്തിൽ എടുത്തുപറഞ്ഞു. ശക്തമായ സാമ്പത്തിക അടിത്തറയും സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ കഴിയുന്ന നയങ്ങളുമാണ് ഇതിന് സഹായിച്ചത്. ദീർഘകാലാടിസ്ഥാനത്തിലുള്ള കൃത്യമായ ആസൂത്രണവും മികച്ച നിക്ഷേപങ്ങളും രാജ്യത്തിന്റെ വളർച്ചയ്ക്ക് വേഗത കൂട്ടി. അടിസ്ഥാന സൗകര്യ വികസനത്തിലും ചരക്കുനീക്ക മേഖലയിലും വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ നിക്ഷേപങ്ങളിലൂടെ സാധിച്ചു. ആഗോളതലത്തിൽ പലതരം വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടായപ്പോഴും അവയെ ഫലപ്രദമായി മറികടക്കാൻ സൗദിക്ക് കഴിഞ്ഞു. രാജ്യത്തിന്റെ വികസന കുതിപ്പ് ഒട്ടും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഈ സാമ്പത്തിക ഭദ്രത സഹായിച്ചതായും കിരീടാവകാശി വ്യക്തമാക്കി.

TAGS :

Next Story