അമേരിക്ക യമനിൽ നേരിട്ട് ഇടപെട്ടേക്കും; പശ്ചിമേഷ്യയിൽ രണ്ടാം യുദ്ധമുഖം തുറക്കുന്നു
സ്ഥിതിഗതികൾ പരിശോധിക്കുന്നതായി ഡോണൾഡ് ട്രംപ്

റിയാദ്/വാഷിങ്ടൺ: യമനിൽ ഹൂതി വിമതർക്കെതിരെ സൗദി സഖ്യ സേന നടത്തുന്ന ആക്രമണത്തിൽ അമേരിക്ക പങ്കുചേരാൻ സാധ്യത. യമനിലെ ഹൂതി കേന്ദ്രങ്ങളിൽ നേരിട്ട് ആക്രമണം നടത്തുന്നത് പരിഗണനയിലാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികൾ പരിശോധിക്കുകയാണെന്നാണ് ട്രംപ് വ്യക്തമാക്കി. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തോടെയാണ് അമേരിക്ക നിലപാട് മാറ്റുന്നത് പരിഗണനയിലെന്നാണ് സൂചനയുള്ളത്. ജൂലൈ പകുതിയോടെ സംഘർഷം രൂക്ഷമായത് മുതൽ അമേരിക്കയുടെ ഇടപെടൽ ആവശ്യപ്പെട്ടിരുന്നെങ്കിലും നേരിട്ട് ഇടപെടാൻ തയാറായിരുന്നില്ല. ഇന്‍റലിജൻസ്, ഓപറേഷൻസ് സഹായങ്ങൾ അമേരിക്ക സഖ്യസേനക്ക് നേരത്തേ മുതൽ നൽകിയിരുന്നു.
ഇറാൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലാണ് നേരത്തേ അമേരിക്ക യമനിൽ നേരിട്ട് ഇടപെടുന്നതിൽ നിന്ന് പിന്തിരിഞ്ഞത്. ബാബ് അൽ മന്ദബ് കടലിടുക്ക് ഹൂതികൾ പിടിച്ചെടുത്ത സാഹചര്യത്തിലും നേരിട്ട് ഇടപെടലിന് തയാറായിരുന്നില്ല. പകരം ഹൂതികളുമായി ചർച്ച നടത്തി ബാബ് അൽ മന്ദബ് വഴി അമേരിക്കൻ കപ്പലുകളുടെ യാത്ര സുഗമമാക്കാൻ ആണ് നടപടി സ്വീകരിച്ചത്. എന്നാൽ, സൗദി വ്യോമയാന മേഖലയെ തന്നെ ബാധിക്കുന്ന തരത്തിൽ ഹൂതികൾ ആക്രമണം വ്യാപിപ്പിക്കുകയും ശനിയാഴ്ചത്തെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് നേരിട്ടുള്ള ആക്രമണത്തിന് ഒരുങ്ങുന്നതായ സൂചന ഡോണൾഡ് ട്രംപ് നൽകിയത്. അതേസമയം, ആക്രമണം ആരംഭിക്കുന്നത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം അംഗീകരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംസാരിക്കുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൗദിയിൽ സംഭവിച്ചത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ യമനിലെ നേരിട്ടുള്ള പോരാട്ടം സംബന്ധിച്ച് പെന്‍റഗൺ പഠിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പശ്ചിമേഷ്യയിൽ രണ്ടാം യുദ്ധ മുഖം തുറക്കുന്നതും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ് പരിശോധിക്കുന്നത്.
Adjust Story Font
16

