സൗദിയിലെ പ്രായം കൂടിയ പൗരൻ അന്തരിച്ചു
142-ാം വയസിലാണ് അന്ത്യം

ജിദ്ദ: സൗദിയിലെ ഏറ്റവും പ്രായം കൂടിയ പൗരൻ നാസർ അൽവദാഇ അന്തരിച്ചു. 142-ാം വയസ്സിലായിരുന്നു അന്ത്യം. സൗദി തലസ്ഥാനമായ റിയാദിൽ ഖബറടക്കി.
രാജ്യത്തിന്റെ ഏകീകരണം മുതൽ വികസന കുതിപ്പിനും സാക്ഷിയായാണ് സൗദിയുടെ മുതുമുത്തശ്ശൻ നാസർ അൽവദാഇ വിടപറഞ്ഞത്. അസീർ പ്രവിശ്യയിലെ ദഹറാൻ അൽ ജനുബിയയിലാണ് ജനിച്ചത്. മൂന്ന് ഭാര്യമാരും മക്കളും പേരമക്കളുമായി 134 കുടുംബാംഗങ്ങൾ ഉണ്ട്. 110 വയസ്സിലായിരുന്നു അവസാന വിവാഹം. ഇതിൽ ഒരു പെൺകുഞ്ഞിനും ജന്മം നൽകി. മൂന്ന് ആണ്‍ മക്കളും പത്ത് പെൺമക്കളുമാണ് ഉണ്ടായിരുന്നത്. 90 വയസുള്ള മകൾ ഉൾപ്പെടെ നാല് പെൺമക്കളും ഒരു മകനും നേരത്തെ മരണപ്പെട്ടു.
കിങ് അബ്ദുൽ അസീസ് ബിൻ സൗദ് മുതൽ സൗദി രാജാക്കന്മാരോടും നേരിട്ട് ബന്ധം പുലർത്തിയിരുന്നു. അബ്ദുല്ല രാജാവ് ഒരു ലക്ഷം റിയാൽ ഉപഹാരം നൽകി അൽവദാഇയെ ആദരിച്ചു. ജീവിതത്തിലുടനീളം വിശ്വാസത്തിനും മതപരമായ കാര്യങ്ങളിലും സൂക്ഷ്മത പുലർത്തിയ അൽവദാഇ 40 തവണ ഹജ്ജ് നിർവഹിച്ചു. ഗോതമ്പ്, ബാർലി, ചോളം, തൈര്, ചീസ്, തേൻ എന്നിവയായിരുന്നു മുത്തശ്ശന്റെ ഇഷ്ടഭക്ഷണം. യമനിലും സൗദിയിലുമുള്ള ബിസിനസ് വഴി സമ്പന്നനായായിരുന്നു ജീവിതം. സമൂഹത്തിലെ തർക്കങ്ങൾ പരിഹരിക്കുകയും സ്നേഹ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിൽ മികച്ച വ്യക്തത്വമായിരുന്നു അൽവദാഇ.
Adjust Story Font
16

