സൗദിയില്‍ മോട്ടോര്‍ ഇന്‍ഷൂറന്‍സ് നിയമത്തില്‍ ഭേദഗതി; പൊതുജനാഭിപ്രായം തേടി സെന്‍ട്രല്‍ ബാങ്ക്
മോട്ടോര്‍ ഇന്‍ഷൂറന്‍സ് നിയമത്തില്‍ സമൂലമാറ്റം ലക്ഷ്യമിട്ടാണ് പരിഷ്‌കരണത്തിനൊരുങ്ങുന്നത്

റിയാദ്: സൗദിയില്‍ പരിഷ്‌കരിച്ച മോട്ടോര്‍ ഇന്‍ഷൂറന്‍സ് ഭേദഗതി നിയമത്തിന്മേല്‍ പൊതുജനാഭിപ്രായം തേടി സൗദി സെന്‍ട്രല്‍ ബാങ്ക്. ഇന്‍ഷൂറന്‍സ് പരിരക്ഷ വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ കരടുനിയമം. ഒക്ടോബര്‍ പതിനാറ് വരെ നിയമഭേദഗതിയെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും.
മോട്ടോര്‍ ഇന്‍ഷൂറന്‍സ് നിയമത്തില്‍ സമൂലമാറ്റം ലക്ഷ്യമിട്ടാണ് പരിഷ്‌കരണത്തിനൊരുങ്ങുന്നത്. പ്രധാനമായും ഇന്‍ഷൂറന്‍സ് പരിരക്ഷ വിപിലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഭേദഗതി. ഇന്‍ഷൂറന്‍സ് നിയമം ആര്‍ട്ടിക്കിള്‍ ഒന്നിലെ ഖണ്ഡിക ഒന്നേനാലില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കരണം. പരിരക്ഷ ഇന്‍ഷൂര്‍ ചെയ്ത വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കുന്ന നിലവിലെ നിയമത്തിലാണ് മാറ്റംവരിക.
ഇന്‍ഷൂര്‍ ചെയ്ത ഡ്രൈവര്‍ അല്ലെങ്കില്‍ ഉടമ, അദ്ദേഹവുമായി ബന്ധമുള്ള മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താവ്, മകന്‍, മകള്‍, സഹോദരി സഹോദരന്‍, ഇന്‍ഷൂര്‍ ചെയ്തയാളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഡ്രൈവര്‍, തൊഴില്‍കരാറിലേര്‍പ്പെട്ടയാള്‍ എന്നിവരെ പുതുതായി പരിരക്ഷയില്‍ ഉള്‍പ്പെടുത്തും. എന്നാല്‍, ഇന്‍ഷൂര്‍ ചെയ്യാത്ത വ്യക്തി വാഹമോടിച്ച് അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഇന്‍ഷൂര്‍ കമ്പനികളെ ഒഴിവാക്കുന്നതിനും പുതിയ നിയമം അനുവാദം നല്‍കുന്നുണ്ട്.
Summary: The Saudi Central Bank seeks public opinion on the revised Motor Insurance Amendment Act
Adjust Story Font
16

