വിദേശ തൊഴിലാളികൾക്ക് നൽകിയിരുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് സൗദി കമ്പനികൾ
എ.ഐയുടെ കടന്നു വരവോടെയാണ് ശമ്പള വർധനവിൽ നിയന്ത്രണം വന്നത്

റിയാദ്: നിർമാണം, ഉത്പാദന മേഖലകളിലെ വിദേശ തൊഴിലാളികൾക്ക് നൽകിയിരുന്ന ഉയർന്ന സാമ്പത്തിക ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കി സൗദി കമ്പനികൾ. എ.ഐയുടെ കടന്നു വരവോടെയാണ് ശമ്പള വർധനവിൽ നിയന്ത്രണം വന്നത്. ഉയർന്ന ശമ്പള ബോണസുകളും ആനുകൂല്യങ്ങളും ഇതര മേഖലകളിലേക്ക് വഴിമാറിയതായും കമ്പനികൾ ചൂണ്ടിക്കാട്ടി.
ചെലവ് കുറയ്ക്കാനും സാമ്പതിക ലക്ഷ്യങ്ങൾ പുതുക്കാനുമാണ് തീരുമാനം. സൗദിയിലെ പ്രമുഖരായ റിക്രൂട്ടിങ് കമ്പനികളാണ് ഇത് വെളിപ്പെടുത്തിയത്. സൗദി അറേബ്യ ബില്യൺ ഡോളർ ചെലവുള്ള വമ്പൻ പ്രോജക്ടുകളിൽ വൻ നിക്ഷേപം നടത്തിയിരുന്നു. ഇതുകാരണം ഉയർന്ന കഴിവുള്ള വിദേശ തൊഴിലാളികളുടെ ആവശ്യം കൂടി. പക്ഷേ, നടപ്പാക്കലിലും കാലതാമസത്തിലും പ്രശ്നങ്ങൾ നേരിട്ടു. ഒരേ സമയം കായിക മേഖലയിലേക്കും നിർമാണ മേഖലകളിലേക്കും പണം ചിലവഴിക്കുന്നതാണ് കാരണം.
രാജ്യം ഇപ്പോൾ മുൻഗണന നൽകുന്നത് ഖനനം, ലോജിസ്റ്റിക്സ്, കായിക വിനോദ മേഖലാ പദ്ധതികൾ, മക്ക മദീന ടൂറിസം പദ്ധതിക്കുമാണ്. ഇതിനാൽ നിർമാണ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശികൾക്ക് മുമ്പത്തെപ്പോലെ 40 ശതമാനത്തിലധികം ശമ്പളം പ്രതീക്ഷിക്കേണ്ടതില്ല. പല കാര്യങ്ങൾക്കും എ.ഐ കൂടി വന്നതോടെ ജീവനക്കാരുടെ ആശ്രയം വേണ്ടതും കുറഞ്ഞതായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. എണ്ണ വില കുറഞ്ഞതും വൻകിട കരാറുകൾ കമ്പനികൾക്ക് ലഭിക്കുന്നത് കുറഞ്ഞതും സൗദിവത്കരണവും ഇതിനെല്ലാം കാരണമായിട്ടുണ്ട്. എന്നിരുന്നാലും യുഎഇയിലെ അപേക്ഷിച്ച് സൗദിയിലെ ശമ്പളം ഉയർന്ന ജോലികളിൽ ഇപ്പോഴും ആകർഷകമാണെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
Adjust Story Font
16

