രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 'ഈസ്റ്റ്-വെസ്റ്റ്' പൈപ്പ്ലൈൻ ശേഷി പ്രതിദിനം 10 ദശലക്ഷം ബാരലായി വർധിപ്പിക്കും: സൗദി ഊർജ മന്ത്രി
പ്രതികരണം റിയാദിലെ വേൾഡ് പെട്രോളിയം കോൺഗ്രസിൽ

റിയാദ്: രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 'ഈസ്റ്റ്-വെസ്റ്റ്' എണ്ണ പൈപ്പ്ലൈൻ ശേഷി പ്രതിദിനം 10 ദശലക്ഷം ബാരലായി വർധിപ്പിക്കുമെന്ന് സൗദി ഊർജ, വ്യവസായ-ധാതുവിഭവ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ. റിയാദിലെ വേൾഡ് പെട്രോളിയം കോൺഗ്രസിൽ നടന്ന ചർച്ചയിലാണ് പ്രതികരണം.
ഊർജ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനും മാറ്റങ്ങൾ നേരിടാനുള്ള ശേഷി വർധിപ്പിക്കാനുമായി 'ഈസ്റ്റ്-വെസ്റ്റ്' പൈപ്പ്ലൈൻ വിപുലീകരിക്കാൻ സൗദി പ്രവർത്തിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പൈപ്പ്ലൈനിന്റെ എണ്ണ കടത്താനുള്ള ശേഷി പ്രതിദിനം 10 ദശലക്ഷം ബാരലായി ഉയർത്താൻ സാധിക്കും.
ഭാവി പ്രതിസന്ധികൾ നേരിടാനായി രാജ്യം വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രാദേശിക സംഘർഷങ്ങളും ആക്രമണങ്ങളും തുടരുമ്പോഴും ആഗോള വിപണിയിലേക്കുള്ള എണ്ണവിതരണം തടസ്സമില്ലാതെ തുടരുമെന്നും എണ്ണവിതരണത്തിലെ പ്രതിസന്ധികൾ നേരിടാൻ രാജ്യത്തിന് ശക്തമായ സംവിധാനങ്ങളുണ്ടെന്നും ഊർജമന്ത്രി അറിയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര ഉപഭോക്താക്കൾക്കുള്ള ഊർജവിതരണം സാഹചര്യങ്ങൾ എന്തുതന്നെയായാലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എണ്ണസംഭരണം, പൈപ്പ്ലൈനുകൾ, ബദൽ കയറ്റുമതി മാർഗങ്ങൾ എന്നിവയിൽ വർഷങ്ങളായി നടത്തിയ നിക്ഷേപങ്ങളാണ് സൗദിയുടെ കരുത്ത്. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ ചെങ്കടൽ തീരത്തേക്ക് എണ്ണ എത്തിക്കാൻ സഹായിക്കുന്ന ഈസ്റ്റ് വെസ്റ്റ് പൈപ്പ്ലൈനും നിർണായകമാണെന്നും മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ അറിയിച്ചു.
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളും മേഖലയിലെ സംഘർഷങ്ങളും ആഗോള ഊർജസുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ ഉറപ്പ്. എണ്ണവിതരണത്തിലെ തടസ്സങ്ങൾ മറികടക്കാനും വിതരണശൃംഖല വേഗത്തിൽ പുനഃസ്ഥാപിക്കാനും രാജ്യത്തിന് ശേഷിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16

