2023 ല്‍ സൗദിയില്‍ മിച്ച ബജറ്റായിരിക്കുമെന്ന് ധനകാര്യ മന്ത്രി
സൗദി കിരീടാവകാശിയുടെ വിഷൻ 2030 ലക്ഷ്യം വെച്ചാണ് സൗദി അറേബ്യയുടെ ധനകാര്യ പദ്ധതി

2023ൽ സൗദിയിലുണ്ടാവുക മിച്ച ബജറ്റായിരിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ. സ്വകാര്യ മേഖലയിൽ നിന്നുള്ള വരുമാനം വർധിച്ചിട്ടുണ്ട്. സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പാക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.സൗദി കിരീടാവകാശിയുടെ വിഷൻ 2030 ലക്ഷ്യം വെച്ചാണ് സൗദി അറേബ്യയുടെ ധനകാര്യ പദ്ധതി. അനാവശ്യ ചിലവുകൾ കുറച്ച് വരുമാനം വർധിപ്പിക്കുകയാണ് ഇതിനായി രാജ്യം കാണുന്ന മാർഗം. അതേ സമയം വൻകിട പദ്ധതികളിലൂടെ വിദേശ സ്വകാര്യ നിക്ഷേപം വർധിപ്പിക്കുമെന്നും ഇതിനായി പരിഷ്കരണങ്ങൾ തുടരുമെന്നും ധനകാര്യമന്ത്രി പറഞ്ഞു.
അടുത്ത വർഷത്തെ ആഭ്യന്തര ഉത്പാദനം ഏഴര ശതമാനത്തോളം വർധിക്കും. 2022ൽ പ്രതീക്ഷിക്കുന്ന വരവ് 903 ബില്യൺ റിയാലും ചിലവ് 955 റിയാലുമാണ്. അതായത് ബജറ്റ് കമ്മി 52 ബില്യണായിരിക്കും. തൊട്ടടുത്ത വർഷത്തോടെ സൗദി മിച്ച ബജറ്റിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ചിലവ് വർധിച്ചു. എന്നിട്ടും കമ്മി കുറക്കാൻ സൗദിക്കായി. എണ്ണ വില വർധിച്ചതും എണ്ണേതര വരുമാനം കൂടിയതും സൗദിക്ക് ഗുണമായി. കിരീടാവകാശിയുടെ പദ്ധതികളും ലക്ഷ്യം കാണുന്നതായാണ് പ്രതീക്ഷിത ബജറ്റിന്റെ കണക്ക് സൂചിപ്പിക്കുന്നത്. അടുത്ത വർഷം മെയ് മാസം മുതൽ ആഗോള വിപണിയിലേക്ക് സൗദിയുടെ എണ്ണ കൂടുതൽ ഒഴുക്കാനാകുമെന്നാണ് പ്രതീക്ഷ. അങ്ങിനെ വന്നാൽ വേഗത്തിൽ സാമ്പത്തിക ഭദ്രതയിലേക്ക് എത്താനാകുമെന്നും സൗദി അറേബ്യ കരുതുന്നു.
Adjust Story Font
16

