മക്ക ഹറമിൽ രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ പ്രശംസിച്ച് സൗദി ആഭ്യന്തരമന്ത്രി
ഹറമിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയയാളെയാണ് ജീവൻ പണയം വെച്ച് സുരക്ഷ ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്താൻ ശ്രമിച്ചത്

റിയാദ്: മക്ക ഹറമിൽ രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ പ്രശംസിച്ച് സൗദി ആഭ്യന്തരമന്ത്രി. സൗദി ആഭ്യന്തരമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫാണ് ഫോണിൽ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചത്. ഹറമിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയയാളെയാണ് ജീവൻ പണയം വെച്ച് സുരക്ഷ ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്താൻ ശ്രമിച്ചത്. ഇതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥൻ റയ്യാൻ ബിൻ സഈദ് ബിൻ യാഹിയാ അൽ അഹമ്മദിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇയാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനപ്പുറം ഹറമിൽ എത്തുന്ന തീർഥാടകരുടെ സുരക്ഷയ്ക്കായി സൈനികർ നിർവഹിക്കുന്ന ഉന്നതമൂല്യങ്ങളുടെ പ്രതിഫലനമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. കാർട്ടൂണുകളായും പോസ്റ്റുകളായും സോഷ്യൽ മീഡിയയിൽ ഉദ്യോഗസ്ഥന് അഭിനന്ദനപ്രവാഹമാണ്.
Adjust Story Font
16

