ടൂറിസ്റ്റ് ബീച്ചുകളിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകി സൗദി
നായ, കാർ, സൈക്കിൾ എന്നിവ ബീച്ചിൽ പാടില്ല
ജിദ്ദ: സൗദിയിൽ ടൂറിസ്റ്റ് ബീച്ചുകൾ പ്രവർത്തിപ്പിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങൾ. സൗദി ചെങ്കടൽ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയത്. സന്ദർശകരുടെ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും പരിഗണിച്ചാണ് പുതിയ നീക്കം. ടൂറിസ്റ്റ് ബീച്ചുകൾ പ്രവർത്തിപ്പിക്കുന്നതിന് ഓപ്പറേറ്റർമാർ നിർബന്ധമായും നിബന്ധനകൾ പാലിക്കണം. ലംഘിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ ഉപകരണങ്ങളും പ്രാഥമിക ശുശ്രൂഷ സ്ഥലങ്ങളും ടൂറിസ്റ്റ് ബീച്ചുകളിൽ സജ്ജീകരിച്ചിരിക്കണം. തീരത്ത് ഡൈവിംഗ് സൗകര്യം ഒരുക്കുന്നവർക്ക് സൗദി അറേബ്യൻ മാരിടൈം സ്പോർട്സ് ഫെഡറേഷൻ അംഗീകരിച്ച ലൈസൻസ് നിർബന്ധമാണ്. നീന്തലിനുള്ള സുരക്ഷിത ദൂരം നിർണയിക്കുകയും അവ കൃത്യമായി അടയാളപ്പെടുത്തുകയും വേണം. കാലാവസ്ഥ മുന്നറിയിപ്പുകൾ ഓപ്പറേറ്റർമാർ സ്ഥിരമായി നിരീക്ഷിക്കണം.
സുരക്ഷ ഉദ്യോഗസ്ഥർ അറബിയിലും ഇംഗ്ലീഷിലും പേരുള്ള യൂണിഫോം ധരിച്ചിരിക്കണം. ലൈസൻസ് ലഭിച്ച സ്ഥലങ്ങളിൽ മാത്രമേ ഓപ്പറേറ്റർമാർക്ക് ഇത്തരം സംവിധാനങ്ങൾ ഒരുക്കാൻ പാടുള്ളൂ. 16 വയസ്സിന് താഴെയുള്ള കുട്ടികളെ രക്ഷിതാക്കളുടെ മേൽനോട്ടത്തിലല്ലാതെ കടലിൽ ഇറക്കരുത് തുടങ്ങിയവ പ്രധാനം നിർദ്ദേശങ്ങളാണ്.
മാലിന്യങ്ങൾ കടൽതീരത്ത് ഉപേക്ഷിക്കുന്നതിൽ നിന്ന് പൂർണമായും വിട്ടുനിൽക്കണം. നായ, കാർ, സൈക്കിൾ എന്നിവ കടൽത്തീരത്തേക്ക് കൊണ്ടുവരരുത് തുടങ്ങിയ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം സന്ദർശകർ കടൽത്തീരത്ത് എത്തേണ്ടതെന്നും സൗദി ചെങ്കടൽ അതോറിറ്റി നിർദേശിച്ചു.
Adjust Story Font
16