Quantcast

സൗദി തൊഴിൽ നിയമം; നിയമലംഘനങ്ങളിലും പിഴകളിലും ഭേദ​ഗതി വരുത്തി തൊഴിൽ മന്ത്രാലയം

നിയമലംഘനം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയായി വർധിക്കും

MediaOne Logo

Web Desk

  • Published:

    26 Feb 2026 11:48 AM IST

സൗദി തൊഴിൽ നിയമം; നിയമലംഘനങ്ങളിലും പിഴകളിലും ഭേദ​ഗതി വരുത്തി തൊഴിൽ മന്ത്രാലയം
X

റിയാദ്: സൗദി തൊഴിൽ നിയമത്തിൽ ലംഘനങ്ങളുടെയും പിഴകളുടെയും പട്ടികയിൽ ഭേദഗതി കൊണ്ടുവരാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, സ്ഥാപനങ്ങളുടെ വളർച്ചയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായാണ് ഭേ​ദ​ഗതിയെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് അൽ റാജിഹി അറിയിച്ചു. 2025 ഫെബ്രുവരി 8 ലെ രാജകീയ ഉത്തരവ് വഴി തൊഴിൽ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് അനുസൃതമായാണ് ഈ പുതിയ ഭേദഗതികൾ. ഇതിനെത്തുടർന്ന് 2025 ഓഗസ്റ്റ് 19 ന് പുറപ്പെടുവിച്ച മന്ത്രിതല തീരുമാനപ്രകാരം എക്സിക്യൂട്ടീവ് റെഗുലേഷനുകളിലും മാറ്റങ്ങൾ വരുത്തിയിരുന്നു.

ജോലി സമയക്രമം, പ്രതിവാര അവധി എന്നിവ പാലിക്കാതിരിക്കുക, സുരക്ഷാ നടപടികളില്ലാതെ അപകടകരമായ ജോലികളിൽ തൊഴിലാളികളെ ഏർപ്പെടുത്തുക എന്നിവക്ക് 20,000 റിയാൽ പിഴ ഈടാക്കും. ലൈസൻസില്ലാതെ റിക്രൂട്ട്‌മെന്റ് അല്ലെങ്കിൽ ലേബർ സർവീസ് നടത്തിയാൽ 25,000 റിയാലാണ് പിഴ.

ഗാർഹിക തൊഴിലാളി സേവന പരസ്യങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ 15,000 റിയാൽ, തൊഴിൽ കരാറുകൾ രേഖപ്പെടുത്താതിരിക്കുകയോ അല്ലെങ്കിൽ ജീവനക്കാരുടെ വിവരങ്ങൾ പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 10,000 റിയാൽ, കരാറില്ലാതെ ഇലക്ട്രോണിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാതെയുള്ള തൊഴിലാളി നിയമനത്തിന് ഒരു തൊഴിലാളി എന്ന കണക്കിൽ 5,000 റിയാൽ വീതവും പിഴ ഈടാക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയായി വർധിക്കും. നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

TAGS :

Next Story