Quantcast

ഇന്ധന വിപണിയിൽ പിടിമുറുക്കി സൗദി ഊർജ മന്ത്രാലയം; ഒരു മാസത്തിനിടെ കണ്ടെത്തിയത് ആയിരത്തോളം നിയമലംഘനങ്ങൾ

അനുമതിയില്ലാത്ത എൽ.പി.ജി/പെട്രോളിയം വിൽപനയ്ക്കും കടത്തിനും എതിരെ കർശന നടപടി

MediaOne Logo

Web Desk

  • Published:

    12 Aug 2026 3:22 PM IST

ഇന്ധന വിപണിയിൽ പിടിമുറുക്കി സൗദി ഊർജ മന്ത്രാലയം; ഒരു മാസത്തിനിടെ കണ്ടെത്തിയത് ആയിരത്തോളം നിയമലംഘനങ്ങൾ
X

റിയാദ്: സൗദിയിലെ പെട്രോളിയം, പെട്രോകെമിക്കൽ മേഖലകളിൽ സുരക്ഷിതത്വവും സേവന ലഭ്യതയും ഉറപ്പുവരുത്താൻ ഊർജ മന്ത്രാലയം പരിശോധന ശക്തമാക്കി. ജൂലൈയിൽ മാത്രം നടത്തിയ 9,263ലേറെ പരിശോധനകളിൽ 964 ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി. രാജ്യത്തെ പെട്രോളിയം, പെട്രോകെമിക്കൽ ഉൽപന്ന നിയമങ്ങളും ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഡ്രൈ ഗ്യാസ്, എൽ.പി.ജി വിതരണ ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു ഈ വ്യാപക പരിശോധന. വിപണിയിലെ കൃത്രിമത്വങ്ങൾ തടയാനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഉൽപന്നങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് സുരക്ഷാ പരിശോധനകൾ ഊർജിതമാക്കിയത്.

അംഗീകൃത ലൈസൻസില്ലാതെ പെട്രോളിയം, പെട്രോകെമിക്കൽ പ്രവർത്തനങ്ങൾ നടത്തുന്നതാണ് പരിശോധനയിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങളിലൊന്ന്. ഇതുകൂടാതെ ലൈസൻസില്ലാത്ത വാഹനങ്ങളിൽ പെട്രോളിയം ഉൽപന്നങ്ങൾ കടത്തുന്നതും വിൽക്കുന്നതും സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ലൈസൻസില്ലാതെ എൽ.പി.ജി സി ലിണ്ടറുകൾ ചില്ലറ വിൽപ്പന നടത്തുന്നതും നിശ്ചിത ആവശ്യങ്ങൾക്ക് അല്ലാതെ പെട്രോളിയം ഉൽപ്പന്നങ്ങൾ ദുരുപയോഗം ചെയ്യുന്നതും ഗുരുതര വീഴ്ചയായി മന്ത്രാലയം വിലയിരുത്തി. ഇന്ധന വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൊതുജനങ്ങളുടെ സഹകരണവും സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1914 എന്ന ഹോട്ട്ലൈൻ നമ്പറിലോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ് എന്നിവ വഴിയോ വിവരങ്ങൾ അറിയിക്കാവുന്നതാണ്.

TAGS :

Next Story